ഇന്ത്യയില്‍ ദീപാവലി വില്‍പ്പന 72,000 കോടി രൂപയായി; പണി കിട്ടി ചൈന; കയറ്റുമതിക്കാര്‍ക്ക് 40000 കോടി രൂപയുടെ നഷ്ടം

November 16, 2020 |
|
News

                  ഇന്ത്യയില്‍ ദീപാവലി വില്‍പ്പന 72,000 കോടി രൂപയായി; പണി കിട്ടി ചൈന;  കയറ്റുമതിക്കാര്‍ക്ക് 40000 കോടി രൂപയുടെ നഷ്ടം

ചൈനീസ് വസ്തുക്കള്‍ ബഹിഷ്‌കരിച്ചിട്ടും ദീപാവലി ഉത്സവ സീസണിലെ വില്‍പ്പന 72,000 കോടി രൂപയായി ഉയര്‍ന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ഞായറാഴ്ച (നവംബര്‍ 15) അറിയിച്ചു. ഇന്ത്യന്‍ വില്‍പ്പനക്കാരുടെ ബഹിഷ്‌കരണ ആഹ്വാനത്തിനിടെ ഈ ദീപാവലി സീസണില്‍ ചൈനീസ് കയറ്റുമതിക്കാര്‍ക്ക് 40000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.

കിഴക്കന്‍ ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) യില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സിഐടി വ്യാപാരികളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20 നഗരങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപാവലി ഉത്സവ വില്‍പ്പനയില്‍ 72,000 കോടി രൂപയുടെ വിറ്റുവരവ് നടന്നതായാണ് വിവരം.

ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായും സിഐടി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ദീപാവലി ഉത്സവ സീസണില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ ഉല്‍പന്നങ്ങള്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സമ്മാനങ്ങള്‍, മിഠായികള്‍, മധുരപലഹാരങ്ങള്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, സ്വര്‍ണ്ണവും മറ്റ് ആഭരണങ്ങളും, പാദരക്ഷകള്‍, വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയാണ്.

സിഎഐടി റിപ്പോര്‍ട്ട് അനുസരിച്ച്, ദീപാവലി ഉത്സവ സീസണിലെ ശക്തമായ വില്‍പ്പന ഭാവിയിലെ മികച്ച ബിസിനസ്സ് സാധ്യതകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, നാഗ്പൂര്‍, റായ്പൂര്‍, ഭുവനേശ്വര്‍, റാഞ്ചി, ഭോപ്പാല്‍, ലഖ്നൗ, കാണ്‍പൂര്‍, നോയിഡ, ജമ്മു, അഹമ്മദാബാദ്, സൂറത്ത്, കൊച്ചി, ജയ്പൂര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളാണ് സിഎഐടി പ്രധാന വിതരണ നഗരങ്ങളായി കണക്കാക്കി സര്‍വ്വേ നടത്തിയത്.

ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിയ്ക്ക് ചൈന കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചത്തേക്കാണ് വിലക്ക്. ശീതീകരിച്ച കട്‌ല മത്സ്യത്തിന്റെ മൂന്ന് സാമ്പിളുകളില്‍ നിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈനീസ് കസ്റ്റംസ് ഓഫീസര്‍ ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved