ആഭ്യന്തര വസ്ത്ര നിര്‍മാണ മേഖല തകര്‍ച്ചയില്‍; പിരിച്ചുവിടലുകള്‍ അനിവാര്യം

May 10, 2021 |
|
News

                  ആഭ്യന്തര വസ്ത്ര നിര്‍മാണ മേഖല തകര്‍ച്ചയില്‍; പിരിച്ചുവിടലുകള്‍ അനിവാര്യം

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ആഭ്യന്തര വസ്ത്ര നിര്‍മാണ മേഖലയേയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. വന്‍ പിരിച്ചുവിടലുകള്‍ മേഖലയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശവ്യാപകമായി ലോക്ക് ഡൗണ്‍ ഇല്ല എങ്കിലും പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

അവശ്യവസ്തുക്കളുടെ വില്‍പനയല്ലാതെ മറ്റൊന്നും ലോക്ക് ഡൗണ്‍ കാലത്ത് നടക്കില്ല. അതുകൊണ്ട് തന്നെ ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക വസ്ത്ര വ്യാപാര മേഖലയേയും വസ്ത്ര നിര്‍മാണ മേഖലയേയും ആയിരിക്കും എന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ വസ്ത്രങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ഓര്‍ഡറുകളില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് വസ്ത്രനിര്‍മാതാക്കള്‍.

ക്ലോത്തിഭ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. 77 ശതമാനത്തോളം വരുന്ന ആഭ്യന്തര വസ്ത്രി നിര്‍മാതാക്കള്‍ 25 ശതമാനം ജീവനക്കാരെ കുറക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. മെയ് ആദ്യവാരത്തില്‍ ആയിരുന്നു സര്‍വ്വേ സംഘടിപ്പിച്ചത്.

ഇപ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം ഓര്‍ഡറുകള്‍സ ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വസ്ത്ര നിര്‍മാതാക്കള്‍ പറയുന്നത്. 72 ശതമാനത്തോളം നിര്‍മാതാക്കളുടേയും സ്ഥിതി ഇത് തന്നെയാണ്. എന്തായാലും ദീപാവലിയോടെ വിപണി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് വസ്ത്രനിര്‍മാതാക്കള്‍.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വസ്ത്രവ്യാപാര മേഖല ഏറ്റവും അധികം പ്രതീക്ഷയര്‍പ്പിക്കുന്ന ഈദുല്‍ ഫിത്വര്‍ ഇത്തവണ ലോക്ക് ഡൗണില്‍ ആയിരിക്കുകയാണ്. സാധാരണ ഗതിയില്‍ കേരളത്തില്‍ നിന്ന് വന്‍ ഓര്‍ഡറുകള്‍ ഉണ്ടാകേണ്ടതാണ്. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ അത് ഇല്ലാതായി. ഏറ്റവും ഒടുവില്‍ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈദുല്‍ ഫിത്വര്‍ വിപണി സജീവമാകേണ്ട സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാടും. കര്‍ണാടകത്തിലും ഇതിനകം തന്നെ ലോക്ക് ഡൗണ്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved