'കശ്മീര്‍ വിഷയത്തില്‍ യുഎസിന്റെ മധ്യസ്ഥത വേണ്ട'; ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമെന്ന് ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി

August 27, 2019 |
|
News

                  'കശ്മീര്‍ വിഷയത്തില്‍ യുഎസിന്റെ മധ്യസ്ഥത വേണ്ട'; ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമെന്ന് ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി

ബിയാറിറ്റ്‌സ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നും യുഎസിന്റെ മധ്യസ്ഥത ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴായിരുന്നു മോദി തന്റെ നിലപാട് വ്യക്തമാക്കിയത്. ഉച്ചകോടിക്കിടെ കശ്മീര്‍ വിഷയം ഇരു നേതാക്കളുടെ ഇടയിലും ചര്‍ച്ചയായപ്പോള്‍  ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥതയുടെ ആവശ്യമില്ലെന്ന് മോദി ആവര്‍ത്തിച്ചു.

എന്നാല്‍ കശ്മീര്‍ വിഷയം മുഖ്യ ചര്‍ച്ചയായിരുന്ന വേളയില്‍ ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാം എന്ന് ട്രംപ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്ന വേളയിലും ഇന്ത്യ അത് നിരസിച്ചിരുന്നു.  എന്നിരുന്നിട്ടും ഈ വിഷയം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ട്രംപും അഭിപ്രായപ്പെട്ടത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളവയാണ്. അതിനാലാണ് ഞങ്ങള്‍ അവയുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യത്തെയും ബുദ്ധിമുട്ടിക്കാത്തത്- മോദി പറഞ്ഞു. 1947നു മുമ്പ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നു. എനിക്ക് ആത്മവിശ്വാസമുണ്ട്, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരുമിച്ച് പരിഹരിക്കാനും സാധിക്കുമെന്ന് - മോദി കൂട്ടിച്ചേര്‍ത്തു.

പാകിസ്താനില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇമ്രാന്‍ ഖാനെ വിളിച്ചിരുന്നു. ദാരിദ്ര്യം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നെന്നും മോദി പറഞ്ഞു.  കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മോദിയുമായി കഴിഞ്ഞ രാത്രി സംസാരിച്ചിരുന്നതായി ട്രംപ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ നല്ലൊരു തീരുമാനത്തിലെത്തുമെന്ന് എനിക്കുറപ്പുണ്ട്- ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved