പണപ്പെരുപ്പത്തിനെതിരേ കടുത്ത നടപടി; യുഎസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തി; 2000ത്തിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധന

May 05, 2022 |
|
News

                  പണപ്പെരുപ്പത്തിനെതിരേ കടുത്ത നടപടി; യുഎസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തി; 2000ത്തിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധന

പണപ്പെരുപ്പത്തിനെതിരേ കടുത്ത നടപടിയുമായി യുഎസ് ഫെഡ് റിസര്‍വ്. ഇന്നലെ അവസാനിച്ച യോഗം ഹ്രസ്വകാല ബെഞ്ച്മാര്‍ക്ക് നിരക്ക് അര ശതമാനം ഉയര്‍ത്തി. 2000 ത്തിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടി. അതേസമയം ഫെഡ് റിസര്‍വിന്റെ ഇടപെടല്‍ ഇന്ന് വിപണികളെ കാര്യമായി ബാധിക്കാനിടയുണ്ട്. വാരത്തിലെ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍ കാലാവധി പൂര്‍ത്തീകരിക്കുന്നതും, ഇന്നലത്തെ ആര്‍ബിഐയുടെ അപ്രതീക്ഷിത ഇടപെടലുകളും വിപണികളെ ബാധിക്കാം.

പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന് ഫെഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. കുത്തനെയുള്ള നിരക്കു വര്‍ധന വീട്, കാര്‍, ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള വായ്പകളെ ബാധിക്കും. കൊവിഡിനെ തുടര്‍ന്നു യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ പൂജ്യത്തിനരികേ എത്തിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ പണപ്പെരുപ്പം വീണ്ടും കുതിച്ച സാഹചര്യത്തില്‍ നിരക്കു വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, 50 ബേസിസ് പോയിന്റിന്റെ വര്‍ധന അമേരിക്കന്‍ വാലറ്റുകളിലെ ആഘാതം ക്രമാനുഗതമായി വേഗത്തിലാക്കും. മുന്‍കാലങ്ങളില്‍ നിരക്കുകളിലെ ചലനങ്ങള്‍ നേര്‍ത്തതും, വേഗം കുറഞ്ഞതുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നു വിദഗ്ധര്‍ വ്യക്തമാക്കി.

ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തുമെന്നു വ്യക്തമായിരുന്ന ആര്‍ബിഐ ഇന്നലെ അസാധാരണ നീക്കത്തിലൂടെ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. ആര്‍ബിഐയുടെ ഇടപെടല്‍ തളര്‍ച്ചയിലായിരുന്ന ഇന്ത്യന്‍ സൂചികകളെ പടുകുഴിയിലേക്ക് തള്ളിയിട്ടു. ഇന്നലെ മാത്രം സെന്‍സെക്സ് 1,300 പോയിന്റിലധികമാണ് ഇടിഞ്ഞത്.

അടുത്ത ധനനയം വരെ നിരക്കുകള്‍ തുടരാനായിരുന്നു കഴിഞ്ഞ യോഗത്തില്‍ ആര്‍ബിഐ ധാരണയിലെത്തിയത്. എന്നാല്‍ പണപ്പെരുപ്പം കൈവിട്ട സാഹചര്യത്തിലാണ് പെട്ടെന്നുള്ള ഇടപെടല്‍. ഏപ്രിലിലെ പണപ്പെരുപ്പ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയായിരുന്നു ഇടപെടല്‍. ഏപ്രിലില്‍ പണപ്പെരുപ്പം കുതിക്കുമെന്ന സൂചന ആര്‍ബിഐ നല്‍കുന്നുണ്ട്. റിപ്പോയ്ക്കു പുറമേ എസ്ഡിഎഫ്, എംഎസ്എഫ് നിരക്കുകളും ആര്‍ബിഐ ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ യഥാക്രമം 4.15 ശതമാനവും 4.65 ശതമാനവും ആകും. പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍ പ്രബല്യത്തില്‍ വരും. രാജ്യാന്തര വളര്‍ച്ചാ വേഗം കുറയുകയാണെന്ന ആര്‍ബിഐയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്.

Related Articles

© 2024 Financial Views. All Rights Reserved