വില്ലേജ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയില്‍ കുറച്ചു; ഉത്തരവ് പുറപ്പെടുവിച്ച് ധനകാര്യവകുപ്പ്

June 17, 2020 |
|
News

                  വില്ലേജ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയില്‍ കുറച്ചു; ഉത്തരവ് പുറപ്പെടുവിച്ച് ധനകാര്യവകുപ്പ്

വില്ലേജ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയില്‍ കുറയ്ക്കാന്‍ ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 10-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രം പ്രത്യേക ശമ്പള സ്‌കെയില്‍ അനുവദിക്കുന്നത് ഭരണപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഉത്തരവ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പത്താം ശമ്പളക്കമ്മീഷന്‍ തീരുമാനപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസര്‍മാര്‍ക്ക് പുതിയ സ്‌കെയില്‍ നിലവില്‍ വന്നത്. 29200 -62400 എന്നതായിരുന്നു പുതിയ ശമ്പള സ്‌കെയില്‍. ഇത് സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു. എന്നാല്‍ ഈ തീരുമാനം പിന്നീട് അസാധുവാക്കിയത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാര്‍ക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസര്‍മാര്‍ ആയി നിയമിതരാവാറുള്ളത്. ഇവര്‍ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുമുണ്ട്.

ഹെഡ് ക്ലാര്‍ക്ക് തസ്തികയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നത്. ഈ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ ശമ്പളം ജൂലൈ മുതല്‍ 27,800- 59,400 രൂപയായി മാറ്റും. റവന്യു ഭരണ നിര്‍വഹണത്തിനായി ഏറ്റവും താഴെ തട്ടില്‍ ഉള്ളതും പൊതുജനങ്ങളോട് ഏറ്റവും സമ്പര്‍ക്കം പുലര്‍ത്തുന്നതുമായ സ്ഥാപനമാണ് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസര്‍ വില്ലേജില്‍ ഭരണത്തിന്റെ തലവനും സര്‍ക്കാരിന്റെ പ്രതിനിധിയും ആണ്. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താലൂക്ക് ഓഫീസിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. താലൂക്ക് തഹസില്‍ദാര്‍ ആണ് താലൂക്ക് ഓഫീസിന്റെ ചുമതലക്കാരന്‍. ഒരു താലൂക്ക് തഹസില്‍ദാരുടെ കീഴില്‍ നിരവധി വില്ലേജ് ഓഫീസുകള്‍ വരും.

Related Articles

© 2024 Financial Views. All Rights Reserved