മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി വിലക്ക്; നേപ്പാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

April 29, 2022 |
|
News

                  മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി വിലക്ക്; നേപ്പാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഇത് മറികടക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്.

വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയില്‍ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകള്‍, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടു. വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്ര ചെലവഴിക്കാനാണ് ഈ നിലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായി. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. നിലവില്‍ വ്യവസായ മേഖലയില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്താനാണ് നേപ്പാള്‍ ആലോചിക്കുന്നത്.

നേപ്പാളില്‍ 400 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇന്ത്യയില്‍ നിന്ന് അനുവദിച്ച് കിട്ടുന്നത് 300 മെഗാവാട്ട് വൈദ്യുതിയാണ്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ടൂറിസം മേഖല മെച്ചപ്പെടുമെന്നും, അതിലൂടെ പ്രതിസന്ധിയെ മറികടക്കാമെന്നുമാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

Related Articles

© 2024 Financial Views. All Rights Reserved