എഫ്എംസിജി മേഖലയ്ക്ക് ഉണര്‍വ്; ജനുവരി-മാര്‍ച്ച് കാലയളവില്‍ 9.4 ശതമാനം വളര്‍ച്ച നേടി

May 12, 2021 |
|
News

                  എഫ്എംസിജി മേഖലയ്ക്ക് ഉണര്‍വ്; ജനുവരി-മാര്‍ച്ച് കാലയളവില്‍ 9.4 ശതമാനം വളര്‍ച്ച നേടി

ന്യൂഡല്‍ഹി: ദൈനംദിന ഉപഭോഗത്തിനുള്ള ഉപഭോക്തൃ ഉല്‍പന്ന വിഭാഗം ജനുവരി-മാര്‍ച്ച് കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.4 ശതമാനം വളര്‍ച്ച നേടി. പ്രധാന ഉല്‍പ്പന്ന വിഭാഗങ്ങള്‍, ഭക്ഷ്യേതര അവശ്യ വസ്തുക്കള്‍ എന്നിവയിലെല്ലാം വളര്‍ച്ച പ്രകടമായി. ഗ്രാമീണ ഇന്ത്യയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ പാദത്തില്‍ എഫ്എംസിജി വ്യവസായത്തിന് സാധിച്ചതായി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ ഐക്യു തങ്ങളുടെ ത്രൈമാസ എഫ്എംസിജി സ്‌നാപ്പ്‌ഷോട്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ടാം പാദത്തിന്റെ സ്ഥിതി ചാഞ്ചാട്ടത്തോടെ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.   

2020-21 നാലാം പാദത്തില്‍ ഗ്രാാമീണ വിപണികള്‍ 14.6 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ പാദത്തില്‍ ഇത് 14.2 ശതമാനമായിരുന്നു. മെട്രോ നഗരങ്ങള്‍ (അല്ലെങ്കില്‍ ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 52 നഗരങ്ങള്‍) 2.2 ശതമാനം വളര്‍ച്ച നേടി. രണ്ടു മാസങ്ങളിലെ തുടര്‍ച്ചയായ ഇടിവിന് ശേഷമായിരുന്നു മെട്രോ നഗരങ്ങളിലെ ഈ വീണ്ടെടുപ്പ്. പരമ്പരാഗത വാണിജ്യ ചാനലുകള്‍ ഇരട്ട അക്കത്തില്‍ വളര്‍ന്നു. ഇ-കൊമേഴ്‌സിലൂടെയുള്ള എഫ്എംസിജി വില്‍പ്പന വളര്‍ച്ച ഒറ്റയക്കത്തിലുള്ള സാധാരണ വളര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്.

''ഈ വര്‍ഷം നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഗ്രാമീണ മേഖലയ്ക്ക് സന്തോഷകരമാകും'' റിപ്പോര്‍ട്ടില്‍ പറയുന്നു. വേതന വര്‍ധന, പ്രധാന വിളകളുടെ സംഭരണ വില ഉയര്‍ന്നത്, തൊഴിലുറപ്പ് പദ്ധതിയിലെ മെച്ചപ്പെട്ട വരുമാനം എന്നിവ ഗ്രാമീണ വിപണികളിലെ ഉപഭോഗം മികച്ചതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വലിയ, ഇടത്തരം കമ്പനികള്‍ ഗ്രാമീണ ഇന്ത്യയില്‍ കുതിച്ചുയരുന്നത് പ്രകടമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.   

ഉപഭോഗത്തിലൂടെയുള്ള വളര്‍ച്ച മാര്‍ച്ച് പാദത്തില്‍ 5 ശതമാനമായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന പല ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഭക്ഷ്യോല്‍പ്പന്ന വിഭാഗത്തില്‍ ഭക്ഷ്യ എണ്ണകളുടെയും തേയില പാക്കറ്റുകളുടെയും വിലയില്‍ വര്‍ധനയുണ്ടായി. ബിസ്‌ക്കറ്റുകള്‍, കോഫി, കെച്ചപ്പുകള്‍, ചീസ് തുടങ്ങിയ മുഖ്യമല്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിലെ വളര്‍ച്ച പ്രകടമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഭക്ഷ്യേതര വിഭാഗത്തിലെ ഉല്‍പ്പന്നങ്ങളില്‍ ശരാശരി വില കുറയുകയാണ് ചെയ്തത്. ഹോംകെയര്‍ ഉല്‍പ്പന്നങ്ങളിലും വ്യക്തിഗത ഉല്‍പ്പന്നങ്ങളിലും കമ്പനികള്‍ പ്രൊമോഷനുകള്‍ വര്‍ധിപ്പിച്ചതും വലിയ പാക്കുകള്‍ കൂടുതലായി ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നതുമാണ് ഇതിന് കാരണം.

Related Articles

© 2024 Financial Views. All Rights Reserved