ഡല്‍ഹി നിവാസികള്‍ക്ക് ആഹ്ലാദം പകരുന്ന വൈദ്യുതി നിരക്ക്; 200 യൂണിറ്റ് വരെ സൗജന്യം; 200 മുതല്‍ 400 യൂണിറ്റ് ഉപയോഗത്തിന് പകുതി നിരക്ക് മാത്രം

August 02, 2019 |
|
News

                  ഡല്‍ഹി നിവാസികള്‍ക്ക് ആഹ്ലാദം പകരുന്ന വൈദ്യുതി നിരക്ക്; 200 യൂണിറ്റ് വരെ സൗജന്യം; 200 മുതല്‍ 400 യൂണിറ്റ് ഉപയോഗത്തിന് പകുതി നിരക്ക് മാത്രം

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിവാസികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി നിരക്ക് കുത്തനേ ഉയരുമ്പോഴാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുത ഉപഭോഗം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  അറിയിച്ചിരിക്കുന്നത്.  മാത്രമല്ല 201 മുല്‍ 400 യൂണിറ്റ് വരെയുള്ള വൈദ്യുതിയ്ക്ക് പകുതി വില നല്‍കിയാല്‍ മതി എന്നും പ്രഖ്യാപനത്തിലുണ്ട്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് തലസ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഊര്‍ജ സംരക്ഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും സൗജന്യ വൈദ്യുതി ലഭിക്കുന്നതില്‍ ആരും ഒന്നും പറയുന്നില്ല. പിന്നെ എന്തുകൊണ്ടു സാധാരണക്കാരന് ഇതായിക്കൂടായെന്നും ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം വ്യാഴാഴ്ച പ്രാബല്യത്തിലായി. സബ്സിഡി ഇനത്തില്‍ വര്‍ഷം 1800-2000 കോടി രൂപയാണ് സര്‍ക്കാരിന് അധികച്ചെലവ് വരിക. വേനല്‍ക്കാലത്ത് 35 ശതമാനം ഉപഭോക്താക്കള്‍ക്കും ശൈത്യകാലത്ത് 70 ശതമാനം പേര്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

വൈദ്യുതിയുടെ നിശ്ചിതനിരക്കില്‍ (ഫിക്‌സഡ് റേറ്റ്) ഡല്‍ഹി വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ ബുധനാഴ്ച 84 ശതമാനം ഇളവു പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ഉപഭോക്താവിനു പ്രതിമാസം 105 മുതല്‍ 750 വരെ രൂപ ലാഭിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിനുപുറമേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ചരിത്രപരമായ തീരുമാനമാണിതെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഡല്‍ഹിയിലാണ്. ഊര്‍ജസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ തീരുമാനം. 200 യൂണിറ്റുവരെ സൗജന്യമാക്കിയാല്‍ ആളുകള്‍ ഉപഭോഗം പരിമിതപ്പെടുത്തി സൗജന്യത്തിന്റെ പരിധിയില്‍വരാന്‍ ശ്രമിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Related Articles

© 2024 Financial Views. All Rights Reserved