റഷ്യയിലെ അമ്പതിലേറെ സമ്പന്നര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ച് യുഎസ്

March 05, 2022 |
|
News

                  റഷ്യയിലെ അമ്പതിലേറെ സമ്പന്നര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടണ്‍: പാര്‍ലമെന്റ് പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെ റഷ്യയിലെ 50ലേറെ അതിസമ്പന്നര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് വൈറ്റ്ഹൗസ്. ഇവര്‍ക്ക് യുഎസിലേക്ക് യാത്രചെയ്യുന്നതിനും വിലക്കുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അടുത്ത അനുയായികളെ ലക്ഷ്യമിട്ട് ഉപരോധം കടുപ്പിക്കുകയാണ് യു.എസ്.

റഷ്യയിലെ സമ്പന്നരായ വരേണ്യവര്‍ഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ആഡംബര ആസ്തികള്‍ കണ്ടു കെട്ടാതിരിക്കാന്‍ റഷ്യന്‍ ശതകോടീശ്വരന്‍മാരില്‍ പലരും തങ്ങളുടെ ആഡംബര നൗകകളില്‍ നേരത്തെ രാജ്യം വിട്ടിരുന്നു. ചിലരുടെ അമേരിക്കയിലെ ആസ്തികള്‍ കണ്ടുകെട്ടുന്നുമുണ്ട്. യുഎസ് സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അമേരിക്കയിലെ റഷ്യന്‍ സമ്പന്നരുടെ സ്വത്തുക്കള്‍ മരവിപ്പിക്കും. ഇത് ആഡംബര സ്വത്തുക്കള്‍ ഉപയോഗിക്കുന്നതിനും തടസമാകും.

പുടിനെതിരെ കടുത്ത സാമ്പത്തിക ഉപരോധമാണ് ലക്ഷ്യമെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. പുടിന്റെ ഷെഫ് എന്നറിയപ്പെടുന്ന അതിസമ്പന്നനായ ബിസിനസുകാരന്‍ യെവ്‌ഗേനി പ്രിഗോഴിനും ഉപരോധപ്പട്ടികയിലുണ്ടെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കൂടാതെ 33 റഷ്യന്‍ പൗരന്മാര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറമെ റഷ്യന്‍ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട 22 സ്ഥാപനങ്ങളെയും ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

റഷ്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരില്‍ ഒരാളുള്‍പ്പെടെ നിരവധി പേരുടെ പട്ടികയാണ് യുഎസും തയ്യാറാക്കിയിരിക്കുന്നത്. 50-ലധികം റഷ്യന്‍ പ്രഭുക്കന്മാരുടെയും കുടുംബങ്ങളുടെയും അമേരിക്കയിലേക്കുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയെ സാമ്പത്തികമായി തകര്‍ക്കുകയാണ് ഉപരോധം കൊണ്ടുള്ള ലക്ഷ്യമെന്ന് പുടിന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനും യുഎസിനും പുറമെ, ബ്രിട്ടനും സമാനമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ സമ്പന്നരുടെ ആസ്തികള്‍ പൂര്‍ണമായി മരവിപ്പിക്കുന്നതിനൊപ്പം യാത്രാ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more topics: # Russia, # Russia-Ukraine crisis,

Related Articles

© 2024 Financial Views. All Rights Reserved