ആഗോള വിമാന വ്യവസായത്തിന് 250 ബില്യൺ ഡോളർ വരുമാനനഷ്ടം: ഐ‌എ‌ടി‌എ

March 26, 2020 |
|
News

                  ആഗോള വിമാന വ്യവസായത്തിന് 250 ബില്യൺ ഡോളർ വരുമാനനഷ്ടം: ഐ‌എ‌ടി‌എ

ന്യൂഡൽഹി: ആഗോള വിമാന വ്യവസായത്തിന് 2020 ൽ 250 ബില്യൺ ഡോളർ വരുമാനനഷ്ടം ഉണ്ടാകുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐ‌എ‌ടി‌എ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നേരത്തെ കണക്കാക്കിയിരുന്നത് 113 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ പ്രതീക്ഷിക്കുന്ന വരുമാനനഷ്ടം വളരെ കൂടുതലാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി കുറേയധികം രാജ്യങ്ങൾ തങ്ങളുടെ അതിർത്തി അടയ്ക്കുകയും ആഗോള വിമാനക്കമ്പനികൾ സേവനം നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും സ്ഥിതി​ഗതികൾ മാറാതെ ശക്തമായ നിയന്ത്രണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്.

ഏറ്റവും പുതിയ കണക്കുകൾ 2019 ലെ കണക്കുകളെ അപേക്ഷിച്ച് 44 ശതമാനം കൂടുതലാണെന്ന് ആഗോള മാധ്യമ ടെലികോൺഫറൻസിൽ ഐ‌എ‌ടി‌എയുടെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാൻ പിയേഴ്സ് പറഞ്ഞു. ഇന്ത്യയും യുഎഇയും മറ്റ് നിരവധി രാജ്യങ്ങളും അതിർത്തി അടച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സേവനം തടസ്സപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളും നിർത്തി. നിലവിലെ പ്രതിസന്ധി ആഗോള സിവിൽ ഏവിയേഷൻ നേരിട്ട ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് പിയേഴ്സ് വിശേഷിപ്പിച്ചു. ആഗോള മാന്ദ്യത്തെ ത്വരിതപ്പെടുത്തുന്ന ഒരു മഹാമാരിയെ ലോകം കണ്ടിട്ടില്ലാത്തതിനാൽ ആഗോള വ്യോമയാന വ്യവസായത്തിന് വേഗത്തിൽ വീണ്ടെടുക്കൽ സാധ്യമല്ലെന്ന് ഐ‌എ‌ടി‌എ അധികൃതർ പറഞ്ഞു.

മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഐ‌എ‌ടി‌എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടർ ജനറലുമായ അലക്സാണ്ടർ ഡി ജൂനിയാക് വിമാനക്കമ്പനികളെ രക്ഷ്ക്കാൻ സഹായിക്കണമെന്ന് സർക്കാരുകളോട് അഭ്യർത്ഥിച്ചു. ഞങ്ങൾക്ക് ഇപ്പോൾ പൂർണ്ണമായും വേഗതയുള്ള റെസ്ക്യൂ പാക്കേജുകൾ ആവശ്യമാണെന്ന് ഡിജി പറഞ്ഞു. പിയേഴ്സ് സർക്കാരുകളിൽ നിന്ന് മാത്രമല്ല, എയർ ട്രാൻസ്പോർട്ട് വ്യവസായത്തിന് സഹായം നൽകാൻ കഴിയുന്ന വിതരണക്കാരിൽ നിന്നും പിന്തുണ ആവശ്യപ്പെട്ടിരുന്നു. വ്യോമയാന ഇന്ധന വില മുമ്പുണ്ടായ ഏറ്റവും ഉയർന്ന നിരക്കായ ബാരലിന്  60 ഡോളറിൽ നിന്ന് 20 ഡോളറിലേയ്ക്ക് കുറച്ചത് ആഗോള വ്യോമയാന വ്യവസായം നേരിടുന്ന വരുമാന ഇടിവിന് ആശ്വാസം നൽകുന്നതാണെന്ന് പിയേഴ്സ് പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved