സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലേക്ക്; പവന് 35920 രൂപ

June 29, 2020 |
|
News

                  സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലേക്ക്;  പവന് 35920 രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണത്തിന് സര്‍വ്വകാല റെക്കോര്‍ഡ് വില. പവന് 35920 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂണ്‍ 27 ഉച്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 35920ല്‍ എത്തിയത്. പിന്നീട് വിലയില്‍ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂണ്‍ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഇന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം ഉയര്‍ന്ന് 48,450 രൂപയിലെത്തി. എംസിഎക്സ് വെള്ളി ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 0.5 ശതമാനം ഉയര്‍ന്ന് 48,600 രൂപയായി. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 48,589 രൂപയിലെത്തിയിരുന്നു. ഇന്നലെ സ്വര്‍ണ വില 0.8 ശതമാനവും വെള്ളി 0.6 ശതമാനവും നേട്ടം കൈവരിച്ചു.

ആഗോള വിപണികളിലും സ്വര്‍ണ്ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതോടെ എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണ വില ഉയര്‍ന്നത്. ആഗോള വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്ക സ്വര്‍ണം, ബോണ്ടുകള്‍, യുഎസ് ഡോളര്‍ തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് ഗുണം ചെയ്തു. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,772.61 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.6 ശതമാനം ഉയര്‍ന്ന് 796.07 ഡോളറിലും വെള്ളി 0.6 ശതമാനം ഉയര്‍ന്ന് 17.85 ഡോളറിലും എത്തി.

ലോകമെമ്പാടുമുള്ള കൊവിഡ്-19 ല്‍ രോഗികളുടെ എണ്ണം ഞായറാഴ്ച അര ദശലക്ഷത്തിലെത്തിയപ്പോള്‍ മൊത്തം കേസുകള്‍ 10 മില്ല്യണ്‍ കവിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിലെ മൊത്തം കേസുകളും മരണങ്ങളും ഇതിന്റെ നാലിലൊന്ന് വരും. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള കാലിഫോര്‍ണിയയിലെ ചില ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ക്ക് മേലുള്ള ആദ്യ തിരിച്ചടിയാണിത്.

രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണം. മഹാമാരി ബാധിച്ച സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും നിരവധി ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചതിനാല്‍ ആഗോള വിപണിയില്‍ ഈ വര്‍ഷം സ്വര്‍ണ വില 17 ശതമാനം ഉയര്‍ന്നു. 12 മാസത്തിനുള്ളില്‍ സ്വര്‍ണ വില ഔണ്‍സിന് 2,000 ഡോളറിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇങ്ക് പറയുന്നു.

അതേസമയം, ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൌതിക ആവശ്യം കുത്തനെ കുറഞ്ഞിട്ടും സ്വര്‍ണ്ണത്തിനുള്ള നിക്ഷേപ ആവശ്യം ശക്തമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇടിഎഫായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ ഇന്ന് 0.3 ശതമാനം ഉയര്‍ന്ന് 1,178.90 ടണ്ണായി. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved