സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്; ഇനിയും വിട്ടുമാറാതെ കൊറോണ ആഘാതം

February 25, 2020 |
|
News

                  സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്; ഇനിയും വിട്ടുമാറാതെ കൊറോണ ആഘാതം

ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണ്ണവില മാറുന്നു. കൊറോണ വൈറസിന്റെ ആഘാതത്തില്‍ വിലയില്‍ 2 ശതമാനം വര്‍ധനവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ ആശങ്ക സൃഷ്ടിച്ച വൈറസ്, നിക്ഷേപകര്‍ക്കിടയിലും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നിക്ഷേപകര്‍ സുരക്ഷിതമെന്ന് കരുതുന്ന സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം വര്‍ധിപ്പിച്ചതാണ് വില ഉയരാനുള്ള കാരണം. 

ഇതോടെ ഔണ്‍സിന് 1.2 ശതമാനം വില വര്‍ധിച്ച് 1,662.37 ഡോളറായി. അവസാനമായി 2013 ഫെബ്രുവരി 7 നാണ് വില ഇത്രയും വര്‍ധിച്ചിരുന്നത്. അന്ന് 1,678.58 ഡോളറായിരുന്നു. യുഎസ് സ്വര്‍ണ്ണം ഒരു ശതമാനം വര്‍ധിച്ച് 1,665.40 ആയി.

ചൈനയ്ക്ക് പുറത്തേക്കും കൊറോണ വൈറസ് ബാധ പടര്‍ന്നതോടെയാണ് നിക്ഷേപത്തില്‍ വന്‍ മുന്നേറ്റമുണ്ടായത്. ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലും കൊറോണ സ്ഥിതീകരിച്ച ശേഷം നിക്ഷേപകര്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ സുരക്ഷിതത്വം കണ്ടെത്തിയത് യുഎസ് ഡോളറിന്റെ മൂല്യം ഉയരാന്‍ കാരണമായിത്തീര്‍ന്നു.

അതേസമയം ഇന്ത്യയില്‍ സ്വര്‍ണ്ണം കണ്ടെത്തിയെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ 3,000 ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയന്നൊണ് റിപ്പോര്‍ട്ട്. നിലവിലെ സ്വര്‍ണ വിലയനുസരിച്ച് ഇവിടെയുള്ള ആകെ സ്വര്‍ണ ഖനിയുടെ മൂല്യം 12 ലക്ഷം കോടി രൂപയോളം വരുമെന്ന്് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണം കണ്ടെത്തിയ കുന്നിന്റെ വിസ്തീര്‍ണ്ണം 108 ഹെക്ടര്‍ വരും. ധാതു സൈറ്റുകളുടെ ജിയോ ടാഗിംഗിനായി ഏഴ് അംഗ സംഘത്തെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഖ്നൗ മൈനിംഗ് വകുപ്പിന് സമര്‍പ്പിക്കും.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) യുടെ ഒരു സംഘം ഈ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 

ഈ കണക്കുകള്‍ ശരിയാണെങ്കില്‍, ഇന്ത്യയുടെ സ്വര്‍ണ്ണ ശേഖരം യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ.  വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യുജിസി) കണക്കുകള്‍ പ്രകാരം 8,133.5 ടണ്ണുമായി അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചിട്ടുള്ള രാജ്യം.  ജര്‍മ്മനി 3,366 ടണ്ണും ഐഎംഎഫ് 2,814 ടണ്ണുമാണ്. ഇറ്റലി 2,451.8 ടണ്‍ സ്വര്‍ണവും, ഫ്രാന്‍സ് 2.436 ടണ്‍ സ്വര്‍ണവുമാണ് കൈവശം വെച്ചിട്ടുള്ളത്. എന്നാല്‍  സോണ്‍ പഹാദിയിലെ നിക്ഷേപം 2,943.26 ടണ്ണാണെന്നും ഹാര്‍ഡി ബ്ലോക്കില്‍ 646.16 കിലോഗ്രാം നിക്ഷേപവുമുണ്ടെന്നാണ് അധികൃതര്‍  ചൂണ്ടിക്കാട്ടുന്നത്. 

നിലവില്‍ വെള്ളിയുടെ വില ഔണ്‍സിന് 0.9 ശതമാനം വര്‍ധിച്ച് 18.62 ഡോളറായി. എന്നാല്‍ പ്ലാറ്റിനത്തിന് 0.1 ശതമാനം കുറഞ്ഞ് 972.70 ഡോളറായി മാറി. 

Related Articles

© 2024 Financial Views. All Rights Reserved