ക്രിപ്റ്റോ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് സമയപരിധി നിശ്ചയിച്ചേക്കും

December 07, 2021 |
|
News

                  ക്രിപ്റ്റോ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് സമയപരിധി നിശ്ചയിച്ചേക്കും

ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്റ്റോക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനുപകരം നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. പുതിയ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും ഭാവിയില്‍ രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ നടത്താനാകുക. ക്രിപ്റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡിജിറ്റല്‍ കറന്‍സികളില്‍നിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമം. ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍തോതില്‍ പ്രചാരംനേടുന്നതിനാല്‍ ഇടപാടുകള്‍ക്ക് കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാനും ഇടയുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലില്‍ ക്രിപ്റ്റോകറന്‍സി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ്-എന്നാകും ഉപയോഗിക്കുക. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് ഈ ബില്ലില്‍ പരാമര്‍ശിക്കുകയുമില്ല.

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും അറിയുന്നു. അതേസമയം, പൊതു കറന്‍സികള്‍ക്ക് നിയന്ത്രണമാകും കൊണ്ടുവരിക. ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ ഇതുവരെ നിര്‍ദേശമൊന്നുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved