ക്രിപ്റ്റോകറന്‍സി: നിരോധിക്കാനോ നിയമവിധേയമാക്കാനോ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി

February 12, 2022 |
|
News

                  ക്രിപ്റ്റോകറന്‍സി: നിരോധിക്കാനോ നിയമവിധേയമാക്കാനോ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി നിരോധിക്കാനോ നിയമവിധേയമാക്കാനോ ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍നിന്നുള്ള ലാഭത്തിന് നികുതി ചുമത്താന്‍ സര്‍ക്കാരിന് എല്ലാ അവകാശവുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അവര്‍.

നിരോധിക്കലും നിയമ വിധേയമാക്കലുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. കൂടിയാലോചനകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ തീരുമാനം. ക്രിപ്റ്റോകറന്‍സി ഇടപാട് നിയമപരമാണോയെന്നതു മറ്റൊരു പ്രശ്നമാണ്. എന്നാല്‍ നികുതി ചുമത്തുകയെന്നത് സര്‍ക്കാരിന്റെ അധികാരത്തില്‍പെട്ട കാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു.

ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ റുപ്പീ മാത്രമായിരിക്കും രാജ്യത്ത് അംഗീകരിക്കപ്പെട്ട ഡിജിറ്റല്‍ കറന്‍സിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മറ്റു ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടുകളിലൂടെ ഉണ്ടാവുന്ന ലാഭത്തിന് 30 ശതമാനം നികുതി ചുമത്തുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അംഗം  ഛായാ വര്‍മ ഉന്നയിച്ച ചോദ്യത്തോടു പ്രതികരിച്ചുകൊണ്ടാണ് ധനമന്ത്രി നിലപാടു വ്യക്തമാക്കിയത്.

Related Articles

© 2024 Financial Views. All Rights Reserved