കോവിഡ് പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കണം: അറ്റോര്‍ണി ജനറല്‍

August 26, 2020 |
|
News

                  കോവിഡ് പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കണം: അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം പൂര്‍ണമായി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ചരക്കു സേവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സെസ് തുക മതിയാവുന്നില്ലെന്ന സ്ഥിതി എങ്ങനെ മറികടക്കാമെന്ന് ആലോചിക്കാന്‍ 27ന് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം.

സംസ്ഥാനങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയത്. നഷ്ടപരിഹാരം നല്‍കാത്തത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രം കടമെടുത്ത് സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദിയും ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തോടെ ഏറെ കൊട്ടിഘോഷിച്ച ജിഎസ്ടി നിയമത്തിന്റെ പ്രയോജനത്തെക്കുറിച്ച് പോലും ധനമന്ത്രാലയത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

നഷ്ടപരിഹാരം നല്‍കാന്‍ വിപണിയില്‍നിന്നു വായ്പയെടുക്കണമോയെന്ന് ജിഎസ്ടി കൗണ്‍സിലിനു തീരുമാനിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വായ്പയെടുക്കാന്‍ മടിക്കില്ലെന്നു നേരത്തെ കേന്ദ്രം വ്യക്തമാക്കിയതെങ്കിലും, സംസ്ഥാനങ്ങള്‍ വായ്പയെടുക്കട്ടെയെന്നാണ് ഇപ്പോഴത്തെ നിലപാട്.

സംസ്ഥാനങ്ങള്‍ വായ്പയെടുത്താല്‍ പിന്നീട് നഷ്ടപരിഹാര നിധിയിലേക്കു ലഭിക്കുന്ന പണമുപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാം. അതേസമയം, നഷ്ടപരിഹാരം കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും വായ്പയിലൂടെ തങ്ങളുടെ ബാധ്യതയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണു ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ അനുമതിയോടെ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് അനുവദിക്കാമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്കു സെസ് ചുമത്തുന്നതും നികുതി വര്‍ധിപ്പിക്കുന്നതും പ്രായോഗികമല്ലെന്നു കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിലപാടുണ്ട്.

ജിഎസ്ടി നിയമപ്രകാരം 2017 മുതല്‍ 5 വര്‍ഷത്തേക്കാണു കേന്ദ്രം നഷ്ടപരിഹാരം നല്‍കേണ്ടത്. ഇപ്പോള്‍ പണം നല്‍കാനാവുന്നില്ലെങ്കില്‍ സമയപരിധി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശത്തെ കേന്ദ്രം അനുകൂലിക്കുന്നില്ല. സെസ് ആണ് പണം കണ്ടെത്താന്‍ ഇപ്പോഴുള്ള ഏക  മാര്‍ഗം. 2017-18, 2018-19 വര്‍ഷങ്ങളില്‍ സെസ് പിരിച്ചതില്‍ മിച്ചമുണ്ടായിരുന്ന തുകയ്ക്കു പുറമേ, സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് 33,312 കോടി രൂപ കൂടി എടുത്താണു കേന്ദ്രം കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരം നല്‍കിയത്.

അഞ്ചു വര്‍ഷ കാലയളവില്‍ ആവശ്യത്തിനു ഫണ്ട് ഇല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുഴുവന്‍ നഷ്ടപരിഹാരവും നല്‍കേണ്ടതുണ്ടോ എന്ന കേന്ദ്രത്തിന്റെ ചോദ്യത്തിന് ഏത് അവസ്ഥയിലും മുഴുവന്‍ നഷ്ടപരിഹാരവും നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ടെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. സംസ്ഥാനങ്ങളുടെ അനുമതി കിട്ടുന്നതുവരെ അഞ്ചുവര്‍ഷ കാലാവധി നീട്ടരുതെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved