ജിഎസ്ടി സ്ലാബില്‍ മാറ്റം വന്നേക്കും; 5 ശതമാനത്തിന് പകരം 8 ശതമാനമാകും

April 18, 2022 |
|
News

                  ജിഎസ്ടി സ്ലാബില്‍ മാറ്റം വന്നേക്കും; 5 ശതമാനത്തിന് പകരം 8 ശതമാനമാകും

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ കൗണ്‍സില്‍ മാറ്റം വരുത്തുമെന്ന് സൂചന. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയതും ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. നികുതിയിലെ അഞ്ച് ശതമാനം സ്ലാബില്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ മൂന്ന് ശതമാനം നിരക്കിലേക്ക് ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന് പുറമേ അഞ്ച് ശതമാനത്തില്‍ വരുന്ന ചില ഉല്‍പന്നങ്ങള്‍ എട്ട് ശതമാനമെന്ന സ്ലാബിലേക്കും ഉള്‍പ്പെടുത്തും. ഇതോടെ അഞ്ച് ശതമാനമെന്ന സ്ലാബ് ഇല്ലാതാവുകയും ചെയ്യും.

നിലവില്‍ 5,12,18,28 എന്നീ നിരക്കുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിന് പുറമേ മൂന്ന് ശതമാനം നികുതി സ്വര്‍ണത്തിനുമുണ്ട്. ചില ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്തുന്നുമില്ല. ഈ ഭക്ഷ്യവസ്തുക്കളില്‍ ചിലതെങ്കിലും മൂന്ന് ശതമാനം നികുതി നിരക്കിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ശതമാനം സ്ലാബ് ഏഴ്, എട്ട്, ഒമ്പത് എന്നീ നിരക്കുകളില്‍ ഏതിലേക്ക് ഉയര്‍ത്തണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ജിഎസ്ടി നിരക്കുകളില്‍ ഒരു ശതമാനത്തിന്റെ വര്‍ധന വരുത്തിയാല്‍ 50,000 കോടി രൂപയുടെ അധിക വരുമാന വര്‍ധനയുണ്ടാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക. കോവിഡില്‍ തകര്‍ന്ന സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്ന് പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2024 Financial Views. All Rights Reserved