ഇനി ഐസ്‌ക്രീം പൊള്ളും! 18 ശതമാനം നികുതി

October 07, 2021 |
|
News

                  ഇനി ഐസ്‌ക്രീം പൊള്ളും!  18 ശതമാനം നികുതി

പഴയ ഓര്‍മയില്‍ പാര്‍ലറുകളില്‍ കയറി ഐസ്‌ക്രീം കഴിക്കുന്നതിനു മുമ്പ് വിലയൊന്ന് നോക്കുന്നതു നന്നായിരിക്കും. പാര്‍ലറുകളിലെ ഐസ്‌ക്രീമുകള്‍ റെസ്റ്റോറന്റുകളില്‍ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണം പോലെയല്ലെന്നും, നിര്‍മ്മിക്കുന്ന വസ്തുവാണെന്നും അതിനാല്‍ തന്നെ 18 ശതമാനം നികുതി ബാധകമാണെന്നുമാണ് ധനമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ക്ലൗഡ് കിച്ചണുകളുടെ സേവനങ്ങള്‍, ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍, ഖനന അവകാശങ്ങള്‍ അനുവദിക്കല്‍, മദ്യത്തിന്റെ കരാര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.

നിര്‍മ്മിച്ച ഐസ്‌ക്രീം വില്‍ക്കുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍ക്ക് ഒരു റെസ്റ്റോറന്റിന്റെ സ്വഭാവമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഒരു ഘട്ടത്തിലും ഇവര്‍ ഏതെങ്കിലും തരത്തിലുള്ള പാചകത്തില്‍ ഏര്‍പ്പെടുന്നില്ല. അതിനാല്‍ പാര്‍ലറുകളുടെ സ്വഭാവമുള്ള എല്ലാ ഔട്ട്ലെറ്റുകളിലെ സേവനങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടി ബാധകമാകും. അതേസമയം റെസ്റ്റോറന്റുകളില്‍ വില്‍ക്കുന്ന ഭക്ഷണത്തിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ അഞ്ചു ശതമാനം നികുതിയാകും ബാധകമാകുക. ഐസ്‌ക്രീം പാര്‍ലറുകള്‍ക്കുള്ള ജിഎസ്ടിയില്‍ സര്‍ക്കുലര്‍ ആവശ്യമായ വ്യക്തത നല്‍കുന്നുണ്ടെങ്കിലും നിര്‍മിത ഭക്ഷ്യവസ്തുക്കള്‍ വിതരണം മാത്രം ചെയ്യുന്ന മറ്റു വ്യവസായങ്ങളെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്നതാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം, ക്ലൗഡ് കിച്ചണ്‍/സെന്‍ട്രല്‍ കിച്ചണ്‍ എന്നിവ വഴി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന സേവനങ്ങള്‍ റെസ്റ്റോറന്റ് സര്‍വീസിന്റെ പരിധിയില്‍ വരുമെന്നും ഇന്‍പുട് നികുതി ക്രെഡിറ്റ് ഇല്ലാതെ തന്നെ അഞ്ചു ശതമാനം നികുതി ആകര്‍ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനുള്ള ടേക്ക് എവേ സേവനങ്ങളും ഡോര്‍ ഡെലിവറി സേവനങ്ങളും റെസ്റ്റോറന്റ് സേവനമായി കണക്കാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ആന്‍ട്രിക്സ് കോര്‍പ്പറേറ്റ് ലിമിറ്റഡ് നല്‍കുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍, സേവന കയറ്റുമതിയാണെന്നും അതിനാല്‍ നികുതിയുണ്ടാകില്ലെന്നും വ്യക്തമാക്കി. അതേസമയം സേവനങ്ങള്‍ സ്വീകരിക്കുന്ന ആള്‍ ഇന്ത്യയിലാണെങ്കില്‍, ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ക്ക് നികുതി ബാധകമാകും. 2017 ജൂലൈ ഒന്നു മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഖനന അവകാശങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള സേവനത്തിന് 18 ശതമാനം നികുതി ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കാസിനോ അല്ലെങ്കില്‍ റേസ് ക്ലബ് ഉള്ള ഒരു സ്ഥലത്തിലേക്കുള്ള പ്രവേശനത്തിനോ ഐപിഎല്‍ പോലുള്ള ഒരു കായിക മത്സരത്തിനുള്ള പ്രവേശനത്തിനോ 28 ശതമാനം നികുതി ബാധകമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ, മനുഷ്യ ഉപഭോഗത്തിനായി മദ്യം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ സേവനങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി നിരക്കിന് അര്‍ഹതയില്ലെന്നും അത്തരം തൊഴിലുകള്‍ക്ക് 18 ശതമാനം നിരക്ക് ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved