കോവിഡ് പ്രതിസന്ധിയില്‍ ഗോ എയര്‍; അര ഡസനോളം ജീവനക്കാര്‍ പുറത്തുപോയി

August 20, 2020 |
|
News

                  കോവിഡ് പ്രതിസന്ധിയില്‍ ഗോ എയര്‍; അര ഡസനോളം ജീവനക്കാര്‍ പുറത്തുപോയി

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ എയര്‍ലൈനുകള്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പാടുപെടുന്നതിനിടയിലും ഒരു വിഭാഗം ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിച്ച് നിലനിലര്‍ത്തുകയായിരുന്നു ബജറ്റ് എയര്‍ലൈനായ ഗോ എയര്‍. ഈ സംഭവവികാസങ്ങള്‍ക്കിടയിലും എയര്‍ലൈനില്‍ നിന്ന് അര ഡസനോളം എക്സിക്യൂട്ടിവുകള്‍ പുറത്തുപോയതായി ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാരിയറില്‍ 6,700 ജീവനക്കാരാണുള്ളത്. അവരില്‍ 4,000-4,500 പേരും ശമ്പളമില്ലാത്തെ അവധിയിലാണെന്നും (എല്‍ഡബ്ല്യുപി) വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍, ഇതുസംബന്ധിച്ചൊരു തീരുമാനം നിലവില്‍ എടുത്തിട്ടില്ലെന്ന് ഗോ എയര്‍ വക്താവ് വ്യക്തമാക്കി. 'എയര്‍ലൈന്‍ നിലവിലെ വിപണി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയാണ്. മാത്രമല്ല, അതിന്റെ ചെലവ് ഘടനകളെ നിലവിലെ ഫ്ളൈറ്റ് പ്രവര്‍ത്തനങ്ങളുമായി വിന്യസിക്കുകയും ചെയ്യും. ചെലവ് നിയന്ത്രിക്കുന്നതിനായാണ് ചില ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിച്ചത്,' ഒരു പ്രസ്താവനയില്‍ ഗോ എയര്‍ വക്താവ് അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഗോ എയര്‍ ഉള്‍പ്പടെയുള്ള എയര്‍ലൈനുകളെ സാരമായി ബാധിച്ചു. മാര്‍ച്ചില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ശമ്പള വെട്ടിക്കുറവ് പ്രഖ്യാപിച്ചതിനു പുറമേ, ഏപ്രിലില്‍ 60-70 ശതമാനം ജീവനക്കാര്‍ക്കായി ശമ്പളമില്ലാത്ത അവധിയും ഗോ എയര്‍ പ്രഖ്യാപിച്ചിരുന്നു.

ബാക്കി 30 ശതമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും പതിവില്‍ നിന്ന് വ്യത്യസ്തമായിട്ടാകുമെന്ന് ചില സ്രോതസ്സുകള്‍ അറിയിച്ചു. സ്വമേധയാ രാജിവെച്ച് പുറത്തുപോവുക, ജോലി അവസാനിപ്പിക്കുക, അനിശ്ചിതകാലത്തേക്ക് ശമ്പളമില്ലാത്ത അവധിയില്‍ തുടരുക എന്ന മൂന്ന് ഓപ്ഷനുകള്‍ ഈ മാസം ആദ്യത്തോടെ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയെന്നാണ് പറയപ്പെടുന്നത്. ഇതേത്തുടര്‍ന്ന്, അര ഡസനോളം സീനിയര്‍ എക്സിക്യൂട്ടിവുകള്‍ എയര്‍ലൈന്‍ വിട്ടുപോവുകയായിരുന്നു. ബാക്കിയുള്ള ജീവനക്കാര്‍ മറ്റുചില ഓപ്ഷനുകള്‍ തിരഞ്ഞെടുത്തു. വിനയ് ദുബേയുടെ സ്ഥാനത്ത് കഴിഞ്ഞയാഴ്ച കൗശിക് ഖോനയെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി എയര്‍ലൈന്‍ നിയമിച്ചിരുന്നു. 2018-19 കാലയളവില്‍, വെറും ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ അന്നത്തെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്നിവരുള്‍പ്പടെ 15 -ഓളം മുതിര്‍ന്ന എക്സിക്യൂട്ടിവുകള്‍ പുറത്തുപോവുന്നത് എയര്‍ലൈന്‍ സാക്ഷ്യം വഹിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved