എച്ച്ഡിഎഫ്സി ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറച്ചു

July 07, 2020 |
|
News

                  എച്ച്ഡിഎഫ്സി ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എല്ലാ കാലാവധികളിലുമുള്ള വായ്പകളുടെ നാമമാത്ര-ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 20 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. നിരക്ക് കുറയ്ക്കല്‍ ഇന്ന് മുതല്‍ (ജൂലൈ 7) പ്രാബല്യത്തില്‍ വരും. ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നുള്ള വിവരം അനുസരിച്ച് കഴിഞ്ഞ മാസവും എച്ച്ഡിഎഫ്സി ബാങ്ക് എംസിഎല്‍ആര്‍ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചിരുന്നു.

ഏറ്റവും പുതിയ നിരക്ക് കുറയ്ക്കലിശേഷം എച്ച്ഡിഎഫ്സി ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, ഒരു ദിവസത്തെ എംസിഎല്‍ആര്‍ നില 7.10 ശതമാനമായും ഒരു മാസത്തെ എംസിഎല്‍ആര്‍ 7.15 ശതമാനമായും കുറഞ്ഞു. ഉപഭോക്തൃ വായ്പകളില്‍ പലതും ബന്ധിപ്പിച്ചിട്ടുള്ള ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ ഇപ്പോള്‍ 7.45 ശതമാനവും മൂന്നുവര്‍ഷത്തെ എംസിഎല്‍ആര്‍ 7.65 ശതമാനവുമാണ്. ബാങ്കുകള്‍ സാധാരണയായി എല്ലാ മാസവും അവരുടെ എംസിഎല്‍ആര്‍ നിരക്കുകള്‍ അവലോകനം ചെയ്യും.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നതിനായി മറ്റ് ബാങ്കുകളും സമാനമായ രീതിയില്‍ നിരക്കുകള്‍ കുറച്ചിരുന്നു. മാര്‍ച്ച് മുതല്‍ റിസര്‍വ് ബാങ്ക് നിരക്ക് 115 ബിപിഎസ് കുറച്ചു. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ കാനറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും എംസിഎല്‍ആര്‍ യഥാക്രമം 10 ബേസിസ് പോയിന്റുകളും 20 ബേസിസ് പോയിന്റുകളും കുറച്ചിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമായുള്ള കാനറ ബാങ്ക് ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.65 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായി കുറച്ചു. ഒരു മാസത്തെ വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 7.20 ശതമാനമാക്കി. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.45 ശതമാനമായി പരിഷ്‌കരിച്ചു.

പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.70 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി കുറച്ചു. ഒരു ദിവസം, ഒരു മാസം, മൂന്ന് മാസം എന്നീ കാലാവധികളിലെ എംസിഎല്‍ആര്‍ നിരക്ക് 7.20 ശതമാനത്തില്‍ നിന്ന് 7 ശതമാനമായും 7.30 ശതമാനത്തില്‍ നിന്ന് 7.10 ശതമാനമായും 7.40 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായും കുറച്ചിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved