ടിം കുക്ക് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒ; അറിയാം

January 08, 2022 |
|
News

                  ടിം കുക്ക് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒ; അറിയാം

ലോകത്ത് ആദ്യമായി മൂന്ന് ലക്ഷം കോടി ഡോളറിന് മുകളില്‍ വിപണി മൂല്യമുണ്ടാക്കിയ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒ ആയി. 2020 സെപ്റ്റംബര്‍ മുതല്‍ 2021 സെപ്റ്റബര്‍ വരെയുള്ള ആപ്പിളിന്റെ സാമ്പത്തിക വര്‍ഷത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഡിസ്‌ക്ലോഷറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

98.73 ദശലക്ഷം യുഎസ് ഡോളറാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത് എന്ന് ജനുവരി ആറിന് പ്രസിദ്ധീകരിച്ച ഒരു കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതായത്, 733.19 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ വരുമാനം. ഇതില്‍ മൂന്ന് ദശലക്ഷം ഡോളര്‍ (22.3 കോടി രൂപ) അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളമാണ്. 12 ദശലക്ഷം ഡോളര്‍ അദ്ദേഹത്തിന് ബോണസ് ഇനത്തില്‍ നല്‍കിയിട്ടുണ്ട്.

ശമ്പളത്തിനും ബോണസിനും പുറമെ, മറ്റ് അനുബന്ധ ചിലവുകളും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സ്വകാര്യ വിമാനത്തില്‍ യാത്ര നടത്തുന്നതിന് 7,12,488 ഡോളറും അനുവദിച്ചു. സുരക്ഷയ്ക്കായി 6,30,630 ഡോളറും അദ്ദേഹത്തിന്റെ 401(സ) പ്ലാനിലേക്ക് 17,400 ഡോളറും അനുവദിച്ചിട്ടുണ്ട്. അതിന് പുറമെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 2,964 ഡോളറും, അവധിക്കാലം ആഘോഷിക്കുന്നതിന് 23,077 ഡോളറുമാണ് കമ്പനി അനുവദിച്ചത്. ഇത്തരത്തില്‍ 1.39 ദശലക്ഷം അദ്ദേഹത്തിന് വേണ്ടി ചിലവാക്കിയിട്ടുണ്ട്. 82.35 ദശലക്ഷം ഡോളറിന്റെ ഓഹരികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

സ്റ്റീവന്‍ ജോബ്‌സിന്റെ പിന്‍ഗാമിയായി 2011ലാണ് ടിം കുക്ക് ആപ്പിളിന്റെ തലപ്പത്തേക്ക് എത്തുന്നത്. ആപ്പിളിന് ഇത് ശ്രദ്ധേയമായ ഒരു ദശാബ്ദമാണിത്, 10 വര്‍ഷം കൊണ്ട് കുക്കിന് ആദ്യമായി ഇക്വിറ്റി അവാര്‍ഡ് ലഭിച്ചുവെന്നും ആപ്പിള്‍ ഫയലിംങ്ങില്‍ പറയുന്നു. ആപ്പിളിന്റെ പ്രകടനങ്ങള്‍ സിഇഒ എന്ന നിലയില്‍ കുക്കിന്റ പങ്ക്, പ്രകടനം എന്നിവ കണക്കിലെടുത്താണ് സ്റ്റോക്ക് അവര്‍ഡ് നല്‍കിയതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഫോണ്‍ നിര്‍മ്മാതാക്കളുടെ ഓഹരി വില വര്‍ഷങ്ങളായി മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. തിങ്കളാഴ്ചയാണ് മൂന്ന് ലക്ഷം കോടി ഡോളറിന് മുകളില്‍ ആപ്പിള്‍ വിപണി മൂല്യം ഉയര്‍ന്നത്. കോര്‍പ്പറേറ്റ് ലോകത്ത് ആദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യം മൂന്ന് ലക്ഷം ഡോളര്‍ കടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ആദ്യമായി ലോക്ക്ഡൗണിലേക്ക് തിരിഞ്ഞതിനുശേഷം മറ്റ് കമ്പനികള്‍ തളര്‍ന്നപ്പോഴും ആപ്പിള്‍ ഓഹരികള്‍ 200 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved