പണപ്പെരുപ്പം: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കും

May 16, 2022 |
|
News

                  പണപ്പെരുപ്പം: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കും

രാജ്യത്തെ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ നാല് മാസമായി സുരക്ഷാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. അടുത്തിടെ, റോയിട്ടേഴ്‌സ് നടത്തിയ പോള്‍ അനുസരിച്ച് ജൂണിലെ മീറ്റിംഗില്‍ റിപ്പോ നിരക്ക് ആര്‍ബിഐ വീണ്ടും ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

വോട്ടെടുപ്പില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരില്‍ നാലിലൊന്ന് പേരും (53 ല്‍ 14 ആളുകള്‍), ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 4.75 ശതമാനമാക്കുമെന്നാണ് കരുതുന്നത്. 20 പേര്‍ 50 ബേസിസ് പോയ്ന്റ് വര്‍ധനവും പത്ത് പേര്‍ 40-75 ബേസിസ് പോയ്ന്റ് വരെയുള്ള വലിയ വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം, 2023 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തോടെ ആര്‍ബിഐ നിരക്ക് 35 ബിപിഎസ് വര്‍ധിപ്പിക്കുമെന്നും 200 ബിപിഎസ് സഞ്ചിത വര്‍ധനവുണ്ടാകുമെന്നുമാണ് റിസര്‍ച്ച് സ്ഥാപനമായ നോമുറ പറയുന്നത്. 'ഏപ്രിലില്‍ പണപ്പെരുപ്പം ഉയരുമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐയുടെ അസാധാരണ യോഗത്തെ തുടര്‍ന്ന് നിരക്ക് വര്‍ധിപ്പിച്ചത്. കൂടുതല്‍ നിരക്ക് വര്‍ധനവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജൂണില്‍ 35 ബിപിഎസും, ഓഗസ്റ്റില്‍ ബിപിഎസും 2023 ഏപ്രില്‍ വരെ തുടര്‍ന്നുള്ള മീറ്റിംഗുകളില്‍ 25 ബിപിഎസും വര്‍ധിപ്പിച്ചേക്കും. 2022 ഡിസംബറോടെ റിപ്പോ നിരക്ക് 5.75 ശതമാനമായും 2023 ഏപ്രിലില്‍ 6.25 ശതമാനമായും വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - നോമുറ ക്ലയ്ന്റ്സിന് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.

റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.8 ശതമാനമായാണ് ഉയര്‍ന്നത്. ഇത് 2014 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനാണ് 2019 ഫെബ്രുവരി - ഒക്ടോബര്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് 6.25 ശതമാനത്തില്‍ നിന്ന് കുറച്ച് 5.15 ശതമാനമാക്കിയത്. പിന്നീട് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരക്ക് വെട്ടിക്കുറച്ച് 5.15 ശതമാനത്തില്‍ നിന്ന് നാല് ശതമാനത്തിലെത്തിച്ചു.

Related Articles

© 2024 Financial Views. All Rights Reserved