ഇന്ധന വില ഇന്നും ഉയര്‍ന്നു; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില മഹാരാഷ്ട്രയില്‍; കാരണം ഇതാണ്

April 06, 2022 |
|
News

                  ഇന്ധന വില ഇന്നും ഉയര്‍ന്നു; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില മഹാരാഷ്ട്രയില്‍; കാരണം ഇതാണ്

ഔറംഗാബാദ്: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമ്പോള്‍ അതിനും മുകളിലേക്ക് എന്ന മട്ടില്‍ വിലയേറുന്നൊരു നാടുണ്ട് മഹാരാഷ്ട്രയില്‍. പര്‍ഭാനി ജില്ലയിലാണത്. അവിടെ പെട്രോള്‍ വില 122.67 രൂപയിലെത്തി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. ഉയര്‍ന്ന ഗതാഗതച്ചെലവാണ് വില ഉയരാന്‍ കാരണം.

മറാത്ത്വാഡയിലെ പര്‍ഭാനി നഗരത്തിനും വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്‍മാഡിലെ ഇന്ധന ഡിപ്പോക്കും ഇടയില്‍ 400 കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിന്റെ റൗണ്ട് ട്രിപ് ദൂരം ഏകദേശം 730 കിലോമീറ്ററാണ്. ഗതാഗതച്ചെലവ് ലിറ്ററിന് 2.07 രൂപ വരുമെന്ന് പര്‍ഭാനി പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ ബേദ്സുര്‍കര്‍ പറഞ്ഞു.

അതിനിടയില്‍ രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും അര്‍ധരാത്രി വില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84  പൈസ വര്‍ധിപ്പിച്ചു.

കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് ഇന്നലെ വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84  പൈസയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.

അതേ സമയം ഇന്ധന വില വര്‍ധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്ത് എത്തി. പാര്‍ലമെന്റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്എസ് പുരി ലോക്‌സഭയില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. 2021 ഏപ്രിലിനും മാര്‍ച്ച് 22നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്യുമ്പോള്‍ യുഎസില്‍ 51 ശതമാനം, കാനഡ 52 ശതമാനം, ജര്‍മ്മനി 55 ശതമാനം, യുകെ 55 ശതമാനം, ഫ്രാന്‍സ് 50 ശതമാനം, സ്‌പെയിന്‍ 58 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവ്. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. എച്ച്എസ് പുരി ലോക്‌സഭയില്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved