ലോക്ക്ഡൗണില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധന; 30 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി

May 11, 2020 |
|
News

                  ലോക്ക്ഡൗണില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധന; 30 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: അടച്ചിടലില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞതിനാല്‍ വൈദ്യുതി നിരക്കില്‍ കുത്തനെ വര്‍ധന. ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. 30 ശതമാനം വരെ വര്‍ധന വന്നവരുണ്ട്. രണ്ടു കാരണമാണ് പ്രധാനമായുള്ളത്. എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാല്‍ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി. അടച്ചിടല്‍ കാലത്ത് കൃത്യമായി മീറ്റര്‍ റീഡിങ് നടക്കാഞ്ഞതിനാല്‍ വൈദ്യുതോപയോഗം ഉയര്‍ന്ന സ്ലാബിലേക്കു കയറിയതാണ് മറ്റൊരു കാരണം. ഇത്തരം പരാതികള്‍ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്.

ഇടയ്ക്ക് മീറ്റര്‍ റീഡിങ് നടക്കാത്തതിനാല്‍ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്റെ ശരാശരിയാണ് കണക്കാക്കിയത്. സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടല്‍ കാരണം ഏതാനും ദിവസം കൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയര്‍ന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വര്‍ധിക്കുകയും ചെയ്തു.

ഉദാഹരണത്തിന്, ഒരാള്‍ 30 ദിവസം 240 യൂണിറ്റ് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. 250 യൂണിറ്റ് വരെ ഓരോ സ്ലാബിനും ഓരോ നിരക്കാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. അടുത്ത അമ്പത് യൂണിറ്റിന് 3.70 രൂപ. 4,80, 6.40, 7.60 രൂപ എന്നിങ്ങനെയാണ് അടുത്ത ഓരോ 50 യൂണിറ്റുകള്‍ക്കുമുള്ള തുക. 250 യൂണിറ്റ് കഴിഞ്ഞാല്‍ മുഴുവന്‍ യൂണിറ്റിനും ഒരേ നിരക്ക് ബാധകമാകും. 300 യൂണിറ്റ് വരെ 5.80 രൂപ വീതം. അതായത്, ഉപഭോഗം 260 യൂണിറ്റാണെങ്കില്‍ ഓരോ യൂണിറ്റിനും ഈ തുക നല്‍കണം.

തുടര്‍ന്നുള്ള ഓരോ 50 യൂണിറ്റുകള്‍ കഴിയുംതോറും 6.60, 6.90, 7.10, 7.90 രൂപ എന്നിങ്ങനെ നിരക്ക് വര്‍ധിക്കും. ഇത്തവണ 35 ദിവസം കഴിഞ്ഞാണ് മേല്‍പ്പറഞ്ഞയാളുടെ റീഡിങ് എടുത്തതെങ്കില്‍ 250 യൂണിറ്റിന് മുകളില്‍പോകുകയും നിരക്ക് മാറുകയും ചെയ്യും. ഇങ്ങനെയുള്ള പരാതികള്‍ ധാരാളം വരുന്നുണ്ടെന്നും ഇത് 30 ദിവസം, 60 ദിവസം (ഇപ്പോള്‍ ബില്ലടയ്ക്കുന്ന രീതിയനുസരിച്ച്) എന്നിങ്ങനെയാക്കി വരവുവെച്ച് നല്‍കുമെന്നും കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved