വിസ്ട്രോണിലുണ്ടായത് വന്‍ വീഴ്ച; പുതിയ കരാറുകള്‍ നല്‍കേണ്ടതില്ലെന്ന് ആപ്പിള്‍ തീരുമാനം

December 21, 2020 |
|
News

                  വിസ്ട്രോണിലുണ്ടായത് വന്‍ വീഴ്ച; പുതിയ കരാറുകള്‍ നല്‍കേണ്ടതില്ലെന്ന് ആപ്പിള്‍ തീരുമാനം

ബെംഗളൂരു: കര്‍ണാടകത്തിലെ ആപ്പിള്‍ ഐഫോണ്‍ പ്ലാന്റിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിറകേ വൈസ് പ്രസിഡണ്ടിനെ നീക്കി തായ്വാന്‍ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പറേഷന്‍. കോലാറിലുളള ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന വിസ്ട്രോണ്‍ കമ്പനി കഴിഞ്ഞ ദിവസം തൊഴിലാളികള്‍ അടിച്ച് തകര്‍ത്തിരുന്നു. കമ്പനയുടെ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണ രംഗത്തിന്റെ ചുമതലയുളള വൈസ് പ്രസിഡണ്ടായ വിന്‍സെന്റ് ലീയെ ആണ് തല്‍സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.

ഡിസംബര്‍ 12നാണ് നരസപുരയിലുളള നിര്‍മ്മാണ ശാല ഒരു വിഭാഗം ജീവനക്കാര്‍ ആക്രമിച്ചത്. കമ്പനിയിലെ വാഹനങ്ങളും ഓഫീസ് ഉപകരണങ്ങളും യന്ത്രങ്ങളും അടക്കം നശിപ്പിക്കപ്പെട്ടു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ അക്രമാസക്തരായത്. 25 കോടി വരെയാണ് ജീവനക്കാരുടെ ആക്രമണത്തില്‍ കമ്പനിക്ക് നഷ്ടം വന്നത്. തുടര്‍ന്ന് ഈ നിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്.

ശമ്പളം നല്‍കുന്നതില്‍ അടക്കം കമ്പനിയുടെ നടത്തിപ്പില്‍ വീഴ്ച വന്നതായി വിസ്ട്രോണ്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നരസപുരയിലെത് പുതിയ കമ്പനി ആണെന്നും തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചെന്നും വ്യക്തമാക്കിയ കമ്പനി ശമ്പളം മുടങ്ങിയതിന് തൊഴിലാളികളോട് മാപ്പ് അഭ്യര്‍ത്ഥിച്ചു. സംഭവിച്ച പിഴവ് തിരുത്തുന്നതിനായുളള നീക്കങ്ങള്‍ നടന്ന് വരികയാണ് എന്നും ചുമതലപ്പെട്ടവര്‍ക്ക് എതിരെ അച്ചടക്ക നടപടി അക്കമുളള നടപടികളുണ്ടാകുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചിരുന്നു. ഇതോടെയാണ് ഒക്ടോബര്‍ മാസത്തിലേയും നവംബര്‍ മാസത്തിലേയും ശമ്പളം ചില ജീവനക്കാര്‍ക്ക് ലഭിക്കാതിരുന്നത് എന്നാണ് ആപ്പിള്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിസ്ട്രോണിനെ നിരീക്ഷണത്തില്‍ നിര്‍ത്താനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. പിഴവുകള്‍ പരിഹരിക്കുന്നത് വരെ വിസ്ട്രോണിന് പുതിയ കരാറുകള്‍ നല്‍കേണ്ടതില്ലെന്നും ആപ്പിള്‍ തീരുമാനിച്ചിരിക്കുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved