'വാവേ' രാജ്യ സുരക്ഷയ്ക്ക് ഭീഷണി': ഒരു തരത്തിലുള്ള വ്യാപാരത്തിനും തയാറല്ലെന്ന് ട്രംപ്; രാജ്യത്ത് 5 ജി നെറ്റ് വര്‍ക്കിന് വാവേയെ അനുവദിക്കുന്നത് അപകടമെന്നും മുന്നറിയിപ്പ്

August 10, 2019 |
|
News

                  'വാവേ' രാജ്യ സുരക്ഷയ്ക്ക് ഭീഷണി': ഒരു തരത്തിലുള്ള വ്യാപാരത്തിനും തയാറല്ലെന്ന് ട്രംപ്; രാജ്യത്ത് 5 ജി നെറ്റ് വര്‍ക്കിന് വാവേയെ അനുവദിക്കുന്നത് അപകടമെന്നും മുന്നറിയിപ്പ്

വാഷിങ്ടണ്‍: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഭീമനായ വാവേയുമായി ഒരു തരത്തിലുള്ള വ്യാപാരത്തിനും തയാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് 5 ജി പ്രവര്‍ത്തനത്തിന് വാവേയ്ക്ക് അനുമതി നല്‍കിയാല്‍ അത് രാജ്യ സുരക്ഷയെ തന്നെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാവേയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് മറ്റ് രാജ്യങ്ങളേയും അമേരിക്ക വിലക്കുന്നുണ്ട്.  വാവേയുമായി വ്യാപാരം നടത്തേണ്ട എന്നത് തങ്ങളുടെ ഉറച്ച തീരുമാനമാണെന്നും ട്രംപ് വ്യക്തമാക്കി. 

അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പിന്നാലെ ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ വാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയിരുന്നു. ഏതാനും ദിവസം മുന്‍പ് വാവേ കമ്പനിയെ അമേരിക്ക 'Entity List' ല്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഒരു യുഎസ് കമ്പനിക്കും വാവേയുമായി ബിസിനസ് ചെയ്യാനാകില്ലെന്നാണ് ഇതിന്റെയര്‍ത്ഥം. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ ഭാഗമാണ് ഈ തീരുമാനം.

നിലവില്‍ വാവേയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാനും ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ഉപയോഗിക്കാനും സുരക്ഷാ സോഫ്റ്റ് വെയര്‍ ആയ ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് ഉപയോഗിക്കാനും സാധിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനം ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചാല്‍, അവ വാവേ ഉപകരണങ്ങളില്‍ ലഭ്യമാകാന്‍ സാധ്യതയില്ല. ഭാവിയില്‍ യുട്യൂബ്, ഗൂഗിള്‍ മാപ്സ് തുടങ്ങിയ സേവനങ്ങള്‍ വാവേ ഫോണില്‍ ലഭ്യമല്ലാതെ വരാം.

എന്നാല്‍ ഓപ്പണ്‍ സോഴ്‌സ് ലൈസന്‍സ് വഴി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വേര്‍ഷനും ആപ്പുകളും വാവേ ഫോണുകള്‍ക്ക് ഉപയോഗിക്കാം.കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് സ്മാര്‍ട്ഫോണ്‍ ഉല്‍പാദനം നിയന്ത്രിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വാവേ നിഷേധിച്ചിരുന്നു. തങ്ങളുടെ ആഗോള ഉല്‍പാദന നിരക്ക് സാധാരണ നിലയിലാണെന്നും നിരക്കില്‍ കുറവോ വര്‍ധനവോ ഉണ്ടായിട്ടില്ലെന്നും വാവേ പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved