കോവിഡ് ആഘാതം: സൗദി വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് അയാട്ട

May 14, 2020 |
|
News

                  കോവിഡ് ആഘാതം: സൗദി വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് അയാട്ട

റിയാദ്: വ്യോമ ഗതാഗത മേഖലയില്‍ കോവിഡ്-19 ഉണ്ടാക്കിയ ആഘാതത്തെ മറികടക്കുന്നതിനായി വിമാനക്കമ്പനികള്‍ക്ക് മാത്രമായി ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്ന് സൗദി സര്‍ക്കാരിനോട് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട). സൗദി വിപണിയിലെ വിമാനക്കമ്പനികളുടെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 35 ശതമാനം കുറവുണ്ടാകുമെന്നും അയാട്ട സൂചന നല്‍കി. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന 287,500 ആളുകളുടെ ജോലിക്കും വ്യോമയാന മേഖലയ്ക്ക് 17.9 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്തമുള്ള സൗദി ജിഡിപിക്കും ഭീഷണിയാണിത്.

പകര്‍ച്ചവ്യാധിയെ നേരിടുന്നതിന്റെ ഭാഗമായി സൗദി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്കായി 32 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചിരുന്നു. വ്യോമയാന മേഖലയ്ക്കുള്ള സമാശ്വാസമായി വിമാനത്താവള സ്ലോട്ടുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ താത്കാലികമായി റദ്ദ് ചെയ്യുകയും ജീവനക്കാരുടെയും പരിശീലകരുടെയും പരിശോധകരുടെയും ലൈസന്‍സുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും കാലാവധി നീട്ടിനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പുറമേ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കുന്നതിന് ആവശ്യമായ പ്രത്യേക സാമ്പത്തിക സമാശ്വാസ നടപടികള്‍ വ്യോമയാന മേഖലയ്ക്കായി അവതരിപ്പിക്കണമെന്ന് അയാട്ട സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യാത്രാ, കാര്‍ഗോ വിമാനങ്ങള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം, എയര്‍പോര്‍ട്ട്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിരക്കുകളിലും നികുതികളിലും ഇളവ്, വിമാനക്കമ്പനികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതികളും ഫീസുകളും ഒഴിവാക്കല്‍, ഇളവ് ചെയ്യല്‍, തവണകളായി അടയ്ക്കാന്‍ സൗകര്യമൊരുക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അയാട്ട മുന്നോട്ടുവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിലും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് വ്യോമയാന മേഖലയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കി അടിയന്തര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അയാട്ടയുടെ പശ്ചിമേഷ്യ, ആഫ്രിക്ക വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ബക്രി പറഞ്ഞു. 'മികച്ച വ്യോമ ഗതാഗത മേഖലയുടെ അഭാവത്തില്‍ വളരെ മന്ദഗതിയിലുള്ള തിരിച്ചുവരവേ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിക്കാനാകുകയുള്ളു. പകര്‍ച്ചവ്യാധിക്ക് മുമ്പ് ആധുനികവല്‍ക്കരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും വളരെ മികച്ച മുന്നേറ്റമാണ് സൗദി കാഴ്ചവെച്ചത്. വ്യോമയാന മേഖലയ്ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കിയാല്‍ രാജ്യത്തിന് ശക്തമായി തിരിച്ചെത്താന്‍ സാധിക്കും', അല്‍ബക്രി പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved