ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്ക് കൂപ്പുകുത്തും; മുന്നറിയിപ്പുമായി ഐഎംഎഫ്

June 25, 2020 |
|
News

                  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്ക് കൂപ്പുകുത്തും; മുന്നറിയിപ്പുമായി ഐഎംഎഫ്

ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്ക് കൂപ്പുകുത്തുമെന്ന് ഐഎംഎഫ്. സമ്പദ്വ്യവസ്ഥയില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടാവുമെന്നാണ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പ്രവചിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനാലാണ് ഇതെന്നും എന്നാല്‍ 2021-ല്‍ ആറു ശതമാനം വളര്‍ച്ചയോടെ ഇന്ത്യയ്ക്ക് തിരിച്ചുവരാനാകുമെന്നും ഐഎംഎഫ് പറയുന്നു. 1961-നു ശേഷം സാമ്പത്തിക വളര്‍ച്ച ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.

2020-ന്റെ ആദ്യ പകുതിയില്‍ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിച്ചതിനെക്കാള്‍ കടുത്ത ആഘാതമാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിടുന്നത്. 2019-ല്‍ 4.2 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. ഐഎംഎഫിന്റെ കണക്കുകൂട്ടലനുസരിച്ച് ഈ വര്‍ഷം -6.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്കുണ്ടാവുക. ഇത് ഏപ്രിലില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ്.

അടുത്ത വര്‍ഷത്തോടെ -1.4 ശതമാനമായി ഇത് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് നീണ്ടുനിന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണും പ്രതീക്ഷതിനേക്കാള്‍ മന്ദഗതിയിലായ വളര്‍ച്ചയുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും 2021-ല്‍ ആറ് ശതമാനം വളര്‍ച്ചയോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

'കോവിഡ്-19 പശ്ചാത്തലത്തില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും യഥാര്‍ത്ഥത്തില്‍ ഇതുവരെ കണക്കാക്കിയതിനേക്കാള്‍ ഗുരുതരമായ ആഗോള പ്രതിസന്ധിയാണെന്നും, ആഗോള തലത്തില്‍ തന്നെ സമ്പദ് വ്യവസ്ഥകളുടെ വീണ്ടെടുക്കലിന്റെ പാത അഗാധമായ അനിശ്ചിതത്വത്തിലാണെന്നും' ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം അവരുടെ ബ്ലോഗില്‍ കുറിച്ചിരുന്നു.

10 വര്‍ഷം മുമ്പുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി പോലും ആഗോള ഉല്‍പാദനത്തില്‍ മിതമായ സ്വാധീനം മാത്രമേ ചെലുത്തിയിട്ടുള്ളൂ. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഉല്‍പാദന മേഖലകളേക്കാള്‍ സേവന മേഖലയെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈന ഉള്‍പ്പെടെ ലോകത്തിലെ 75 ശതമാനത്തിലധികം രാജ്യങ്ങളും ഇപ്പോള്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. എന്നാല്‍ കൊറോണ വൈറസിന് കൃത്യമായ വാക്സിന്‍ കണ്ടെത്താന്‍ കഴിയാത്തിടത്തോളം ഈ വീണ്ടെടുക്കല്‍ എത്ര മാത്രം എളുപ്പത്തില്‍ സാധ്യമാകുമെന്ന് പ്രവചിക്കാന്‍ കഴില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved