ഉയര്‍ന്ന ഓഹരി വിപണി മൂല്യമുള്ള ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യയും

January 20, 2022 |
|
News

                  ഉയര്‍ന്ന ഓഹരി വിപണി മൂല്യമുള്ള ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യയും

ഓഹരി വിപണി മൂല്യത്തില്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യയും. ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂലധനം 3.67 ലക്ഷം കോടി ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ മൂല്യത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടുമുമ്പിലുള്ള യുകെയുടെ വിപണി മൂല്യം 3.75 ലക്ഷം കോടി ഡോളറാണ്. ഇന്ത്യയേക്കാള്‍ രണ്ടു ശതമാനം മാത്രം കൂടുതല്‍.

ഒരു മാസം മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ എട്ടു ശതമാനത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഒമിക്രോണ്‍ വ്യാപനവും വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റഴിക്കാന്‍ തുടങ്ങിയതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായിരുന്നു. മൂല്യത്തില്‍ ഫ്രാന്‍സിനു പിന്നില്‍ ഏഴാം സ്ഥാനത്തേക്ക് വീണു പോകുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം ഇന്ത്യന്‍ വിപണി കുത്തനെ കയറുകയായിരുന്നു. അതോടെ മൂല്യത്തില്‍ ഫ്രാന്‍സിനെ മറികടക്കാനും കഴിഞ്ഞു. 3.37 ലക്ഷം കോടി ഡോളറാണ് ഫ്രാന്‍സിന്റെ ആകെ ഓഹരി മൂലധനം.

52 ലക്ഷം കോടി ഡോളര്‍ വിപണി മൂലധനവുമായി യുഎസ് ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള വിപണി. 12.54 ലക്ഷം കോടി മൂല്യവുമായി ചൈന രണ്ടാമതും 6.59 ലക്ഷം കോടി ഡോളറിന്റെ മൂല്യവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഹോങ്കോങ് (6.18 ലക്ഷം കോടി ഡോളര്‍) ആണ് നാലാം സ്ഥാനത്ത്. യുകെ, ഇന്ത്യ, ഫ്രാന്‍സ് എന്നിവയ്ക്ക് പിന്നാലെ കാനഡ (3.22 ലക്ഷം കോടി ഡോളര്‍), സൗദി അറേബ്യ (2.77 ലക്ഷം കോടി ഡോളര്‍), ജര്‍മനി (2.75 ലക്ഷം കോടി ഡോളര്‍) എന്നിവയും ആദ്യ പത്തിലുണ്ട്.

യുഎസ്, ചൈന, ജപ്പാന്‍ തുടങ്ങിയവയുടെ വിപണി മൂലധനത്തില്‍ അടുത്തിടെ കുറവുണ്ടായെങ്കിലും ഇന്ത്യന്‍ വിപണി മുന്നേറ്റം തുടരുകയാണുണ്ടായത്. 2021 ല്‍ 24 ശതമാനം നേട്ടമാണ് ഇന്ത്യന്‍ ഓഹരി വിപണി നല്‍കിയത്. ബോണ്ട് വരുമാനം വര്‍ധിച്ചതും ഓയ്ല്‍ വില വര്‍ധിച്ചു വരുന്നതും ആഗോള വിപണിയില്‍ ഇന്നലെ ഒരു ശതമാനത്തിലേറെ ഇടിവിന് കാരണമായിരുന്നു. മിക്ക യൂറോപ്യന്‍ വിപണികളിലും യുഎസ് വിപണിയിലും ഇടിവ് പ്രകടമായി.

അതേസമയം പുതിയ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് കടന്നു വരുന്നതും റീറ്റെയ്ല്‍ നിക്ഷേപകര്‍ കൂടുതലായി നിക്ഷേപിക്കുന്നതും ഇന്ത്യന്‍ വിപണിക്ക് കരുത്താകുന്നുണ്ട്. ഓഹരി വിപണിയില്‍ നേരിട്ടുള്ള നിക്ഷേപത്തിനു പുറമേ മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി വഴിയുള്ള നിക്ഷേപവും രാജ്യത്ത് വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യത്തില്‍ അടുത്തിടെയുണ്ടായ ഉയര്‍ച്ചയും ഇന്ത്യന്‍ വിപണിക്ക് നേട്ടമായി. ഒരു മാസത്തിനിടെ ഡോളറിനെതിരെ മൂന്നു ശതമാനം നേട്ടം ഇന്ത്യന്‍ രൂപ കൈവരിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള നേട്ടം 30 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved