ആശ്രിതത്വം കുറയ്ക്കണം; സ്വിഫ്റ്റിന് ബദല്‍ തേടി ഇന്ത്യയും ചൈനയും

March 01, 2022 |
|
News

                  ആശ്രിതത്വം കുറയ്ക്കണം; സ്വിഫ്റ്റിന് ബദല്‍ തേടി ഇന്ത്യയും ചൈനയും

വേഗതയേറിയ രാജ്യാന്തര സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളില്‍ ചിലതിനെ പുറത്താക്കാനുള്ള യുഎസ്- ഇയു രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പുനര്‍വിചന്തനം നടത്താന്‍ ഒരുങ്ങി ഇന്ത്യ. സ്വിഫ്റ്റിന് സ്വന്തം നിലയില്‍ പകരക്കാരനെ കണ്ടെത്താനുളള അവസരമായി ചൈനയും ഇതിനെ കാണുന്നുണ്ട്. ഭാവിയിലും ഇതുപോലുള്ള അടയന്തര സാഹചര്യം ഉണ്ടായാല്‍ അതിനെ അതിജീവിക്കണമെങ്കില്‍ സ്വന്തം ബദല്‍ വേണ്ടി വരും എന്ന രീതിയില്‍ പല രാജ്യങ്ങളും ചിന്തിക്കാന്‍ യുക്രെയിന്‍ പ്രതിസന്ധി കാരണമായിട്ടുണ്ട്.

ബാങ്കുകള്‍ക്കിടയില്‍ പണം കൈമാറുന്നതിനുള്ള ഇന്‍ റാ ബാങ്ക് സന്ദേശം സൂഗമാമാക്കുന്ന തരത്തില്‍ നിലവിലെ എസ്എഫ്എംഎസ് ( സട്രക്ച്ചേര്‍ഡ് ഫിനാന്‍ഷ്യല്‍ മെസേജ് സൊല്യൂഷന്‍) സംവവിധാനം ശക്തമാക്കുകയോ മറ്റൊരു കുറ്റമറ്റ സംവിധാനം പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിന് മുമ്പ് കണ്ടെത്തുകയോ വേണമെന്ന് പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുക്രെയിന്‍ പ്രതിസന്ധി ഏതെങ്കിലും കാരണവശാല്‍ കൈവിട്ട് പോകുന്ന സാഹചര്യമുണ്ടായാലും പരിക്കില്ലാതെ രക്ഷപ്പെടാനാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്.

200 ല്‍ അധികം രാജ്യങ്ങളിലായി 11,000-ല്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക വിനിമയം നടത്തുന്ന രാജ്യാന്തര ശൃംഖലയാണ് സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥവാ സ്വിഫ്റ്റ്. ബെല്‍ജിയം ആസ്ഥാനമായുള്ള പണക്കൈമാറ്റ ശൃംഖലയാണിത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മില്‍ പണവിനമയം നടക്കുമ്പോള്‍ ഇടനിലയില്‍ പ്രവര്‍ത്തിച്ച് അത് യാഥാര്‍ഥ്യമാക്കുന്നത് ഈ സംവിധാനമാണ്. ലോകമെമ്പാടുമുള്ള ബാങ്കുകള്‍ പണം കൈമാറ്റ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സുരക്ഷിത സംവിധാനമെന്ന നിലയില്‍ വ്യാപകമായി ഈ ശൃംഖല ഉപയോഗിക്കുന്നു.

സ്വിഫ്റ്റ് പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലിങ്ക് ചെയ്യപ്പെടുകയും തുടര്‍ന്ന് സന്ദേശങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്ന ഒരു സംവിധാനമാണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളുടെ മേല്‍നോട്ടത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ചൈനയും സ്വിഫ്റ്റിന് പകരക്കാരനെ കണ്ടെത്തിയേക്കും. റിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളും ഇപ്പോള്‍ ബദല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിലും കുറ്റമറ്റ നിലയിലേക്ക് ഇത് വികസിപ്പിച്ചെടുത്തിട്ടില്ല. ഇനി അതിന് മാറ്റം വരും. കാരണം പാശ്ചാത്യ രാജ്യങ്ങളെ ഇത്തരം അടിയന്തര കാര്യങ്ങളില്‍ ആശ്രയിക്കുന്നത് ആശങ്കാ ജനകമാണെന്ന തിരിച്ചറിവ് രാജ്യങ്ങള്‍ക്കുണ്ട്. ഫിനാന്‍ഷ്യല്‍ മെസേജിംഗ് സിസ്റ്റം ഓഫ് ദി ബാങ്ക് ഓഫ് റഷ്യ എന്നൊരു സംവിധാനം പകരം സാധ്യത എന്ന നിലയില്‍ ഇപ്പോള്‍ റഷ്യ ഉപയോഗിക്കുന്നുണ്ട്. ഉത്തര കൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വിഫ്റ്റില്‍ നിന്ന് പുറത്താണ്. റഷ്യയെ വിലക്കിയാല്‍ അത് വ്യാപാര ഇടപാടുകളില്‍ നിഴലിക്കാതിരിക്കാനാണ് ഇന്ത്യ പെട്ടന്ന് മറ്റൊരു സാധ്യതയെ കുറിച്ച് ചിന്തിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved