ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാടിന് അന്തിമരൂപമായി; മിനിറ്റില്‍ 600 വെടിയുണ്ടകള്‍ പായിക്കുന്ന എകെ 47-203 യന്ത്രത്തോക്കുകള്‍ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കി

September 04, 2020 |
|
News

                  ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാടിന് അന്തിമരൂപമായി;  മിനിറ്റില്‍ 600 വെടിയുണ്ടകള്‍ പായിക്കുന്ന എകെ 47-203 യന്ത്രത്തോക്കുകള്‍ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കി

ഇന്ത്യയും റഷ്യയും തമ്മില്‍ എകെ 47-203 യന്ത്രത്തോക്കുകള്‍ക്കു വേണ്ടിയുള്ള ഇടപാടിന് അന്തിമരൂപമായി. ഇന്ത്യന്‍ സൈന്യത്തിന് ആകെ വേണ്ട 7,70,000  അസോള്‍ട്ട് റൈഫിളുകളില്‍ ഒരു ലക്ഷം എണ്ണം ഉടനടി ഇറക്കുമതി ചെയ്യാനും, ബാക്കി കലാഷ്‌നിക്കോവ് നല്‍കുന്ന സാങ്കേതിക സഹകരണത്തോടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചെടുക്കാനുമുള്ള പദ്ധതിയുടെ കരട് രേഖയില്‍ ഇപ്പോള്‍ മോസ്‌കോ സന്ദര്‍ശിക്കുന്ന രാജ്നാഥ് സിംഗ് ഒപ്പുവെച്ചു. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നിക്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമാണ് ഈ പുതിയ തോക്കുകള്‍ കൊണ്ടുവരുന്നത്. ഒരു മിനിറ്റിനുള്ളില്‍ 600 വെടിയുണ്ടകള്‍ പായിക്കാനുള്ള കഴിവ് കലാഷ്‌നിക്കോവ് കമ്പനി നിര്‍മിക്കുന്ന ഈ അത്യാധുനിക യന്ത്രത്തോക്കുകള്‍ക്കുണ്ട്. ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത അസാള്‍ട്ട് റൈഫിളാണ് ഇന്‍സാസ്. എന്നാല്‍, യുദ്ധമുഖത്തെ വിപരീത സാഹചര്യങ്ങളില്‍, വിശേഷിച്ചും അതിര്‍ത്തിയിലെ പര്‍വ്വതനിരകളില്‍ സാധാരണമായ മരം കോച്ചുന്ന തണുപ്പിലും പൊടിയിലും, പലപ്പോഴും അത് ജാമാകുന്ന പ്രശ്‌നമുണ്ട്. എന്നുമാത്രമല്ല, തണുപ്പേറുന്നതോടെ അതിന്റെ പ്രവര്‍ത്തനത്തിലും ഇടയ്ക്കിടെ കൃത്യതക്കുറവുണ്ടാകും.

ഈ രണ്ടു പ്രശ്‌നങ്ങളും അതിജീവിച്ചുകൊണ്ട് ഇന്ത്യ എ കെ 47 എന്ന വിഖ്യാതമായ അസാള്‍ട്ട് റൈഫിളിന്റെ പുതുതലമുറ സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള  സ്മാള്‍ ആംസ് പ്രൊഡക്ഷന്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്നത്, എ കെ 203 എന്നുപേരായ, ഒരുപക്ഷേ, ലോകത്തിലേക്കും വെച്ച് ഏറ്റവും മാരകമായ ഒരു ആക്രമണായുധമാണ്. കഴിഞ്ഞ ആറുവര്‍ഷമായി പ്രതിരോധമേഖലയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിരവധി 'മേക്ക് ഇന്‍ ഇന്ത്യ' പ്രോജക്ടുകളില്‍ ആദ്യമായി പുറത്തിറങ്ങാന്‍ പോകുന്നതും ഒരുപക്ഷേ, ഇതുതന്നെയായിരിക്കും.

Related Articles

© 2024 Financial Views. All Rights Reserved