വരും മാസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ട് ഇന്ത്യയിലെ വമ്പന്‍ കമ്പനികള്‍

January 15, 2021 |
|
News

                  വരും മാസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ട് ഇന്ത്യയിലെ വമ്പന്‍ കമ്പനികള്‍

വാക്സിന്‍ നടപടികളുടെ ഫലമായുണ്ടായ ശുഭാപ്തി വിശ്വാസത്തിന്റേം സാമ്പത്തിക തിരിച്ചു വരവിന്റെ പ്രതീക്ഷയിലും ഇന്ത്യയിലെ പല മുന്‍നിര കമ്പനികളും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന്‍ തയ്യാറെടുക്കുന്നവെന്നു റിപോര്‍ട്ടുകള്‍. ടാറ്റാസ്, ബിര്‍ലാസ്, റിലയന്‍സ്, ഐടിസി തുടങ്ങിയ കമ്പനികള്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

നിയമനങ്ങളില്‍ ഭൂരിഭാഗവും എന്‍ട്രി അല്ലെങ്കില്‍ ജൂനിയര്‍ തലത്തിലായിരിക്കുമെന്ന് എച്ച്ആര്‍ മാനേജര്‍മാര്‍ പറയുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഡിസംബര്‍ പാദത്തില്‍ 15,721 പേരെ ആണ് പുതുതായി ജോലിക്കെടുത്തു റെക്കോര്‍ഡ് ഇട്ടത്. മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനുള്ള ശ്രമത്തിലാണ്.

'2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ജീവനക്കാരുടെ എണ്ണം ഒരു പാദത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്,' ടിസിഎസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. അടുത്തിടെ സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റ് സ്വന്തമാക്കിയ ടാറ്റ പ്രോജെക്ട്‌സ് ഉടന്‍ തന്നെ കൂടുതല്‍ പേരെ ജോലിക്കെടുക്കും.

മറ്റൊരു പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഈ വര്‍ഷം 24,000 ഫ്രെഷര്‍മാരെ ജോലിക്കെടുക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പ് അവരുടെ വിവിധ കമ്പനികളിലേക്കായി പുതിയ ആളുകളെ ജോലിക്കെടുക്കുമെന്ന് ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജിയോ എന്നി കമ്പനികളിലും കൂടുതല്‍ റിക്രൂട്ട്‌മെന്റ് ഉടനെ നടക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാന്‍ തയാറെടുക്കുന്ന മറ്റൊരു മേഖലയാണ് ഓട്ടോ. 'ബി-സ്‌കൂളുകളില്‍ നിന്നും എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും ഞങ്ങള്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റിനായി പോകും. പുതിയ ജോലിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. സാധാരണ ഇത് 250-300 വരെയാണ്,'' മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും (എച്ച്ആര്‍, ഐടി) എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ രാജേഷ് ഉപ്പല്‍ പറഞ്ഞു.

മാരുതി സുസുക്കി 40-50 സ്ഥാപങ്ങളിലാണ് സാധാരണ ജോലിക്കായുള്ള അഭിമുഖങ്ങള്‍ നടത്തുന്നത്. 'എല്ലാ വര്‍ഷവും ഞങ്ങള്‍ സാങ്കേതിക രംഗത്തും അല്ലാതെയുമുള്ള റിക്രൂട്‌മെന്റ് നടത്തുന്നു. ഉല്‍പ്പാദനം, ആര്‍ & ഡി, ക്വാളിറ്റി മാനേജ്‌മെന്റ്, ഐടി സേവനങ്ങള്‍ എന്നി മേഖലകളില്‍ ആണ് എഞ്ചിനീയര്‍മാരെ തിരഞ്ഞെടുക്കുന്നത്,' അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റിംഗ്, സെയില്‍സ്, ലോജിസ്റ്റിക്‌സ്, എച്ച്ആര്‍ വെര്‍ട്ടിക്കലുകള്‍ എന്നിവയില്‍ എംബിഎ ബിരുദധാരികള്‍ക്കും മാരുതി ജോലി കൊടുക്കുന്നു. ഉല്‍പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനിവിനെ തുടര്‍ന്ന് ഹ്യൂണ്ടായ്, നിസ്സാന്‍ എന്നി കമ്പനികളും കൂടുതല്‍ ജോലിക്കാരെ എടുക്കാനുള്ള ശ്രമത്തിലാണ്. 2020 ഡിസംബറില്‍ 71,178 യൂണിറ്റുകളുമായി ഹ്യുണ്ടായ് എക്കാലത്തെയും ഉയര്‍ന്ന ഒരു മാസത്തെ ഉത്പാദനമാണ് കൈവരിച്ചത്. കൊറോണക്ക് ശേഷം 2000 ത്തിലധികം പേരെ കമ്പനി റിക്രൂട്ട് ചെയ്തു.

അതിനിടെ , ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് നിസ്സാന്‍ അവരുടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഒറഗഡാം കേന്ദ്രത്തില്‍ മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കുകയും ആയിരത്തിലധികം പേരെ നിയമിക്കുകയും ചെയ്തു. 2021ല്‍ കൂടുതല്‍ ആളുകളെ നിയമിക്കാന്‍ പദ്ധതിയുണ്ടെന്ന് അശോക് ലെയ്ലാന്‍ഡിന്റെ പ്രസിഡന്റ് എന്‍വി ബാലചന്ദര്‍ ബിസിനിസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഡാറ്റാ അനലിറ്റിക്‌സ്, ഉല്‍പന്ന വികസനം, ഡിസൈന്‍, എഐ എന്നി മേഖലകളിലാകും അവസരങ്ങള്‍.

കണക്കുകള്‍ പൂര്‍ണമായും പുറത്തു വന്നിട്ടില്ലെങ്കിലും കഴിഞ്ഞ പാദത്തിലെ ഫലങ്ങള്‍ പല കമ്പനികള്‍ക്കും അനുകൂലമായത് കൊണ്ടാണ് കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുക്കുന്നതെന്നു നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ ഇടത്തരം കമ്പനികളില്‍ റിക്രൂട്‌മെന്റ് അത്ര ശക്തമല്ല എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജീവനക്കാരെ ചേര്‍ക്കുന്നതിനുമുമ്പ് ബിസിനസ്സ് വികാരം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ഈ കമ്പനികള്‍ പ്രതീക്ഷിക്കുന്നു.

Read more topics: # IT industry,

Related Articles

© 2024 Financial Views. All Rights Reserved