230 സ്പെഷ്യല്‍ ട്രെയിനുകളില്‍ തത്കാല്‍ ബുക്കിംഗ് ആരംഭിച്ചു

June 29, 2020 |
|
News

                  230 സ്പെഷ്യല്‍ ട്രെയിനുകളില്‍ തത്കാല്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡല്‍ഹി: നിലവില്‍ 230 സ്പെഷ്യല്‍ ട്രെയിനുകള്‍ (115 ജോഡി) സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ക്വാട്ടകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നാളെ മുതല്‍ ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂണ്‍ 30 മുതല്‍ ആരംഭിക്കുന്ന യാത്രയ്ക്കായി എല്ലാ പ്രത്യേക ട്രെയിനുകളിലും ഇന്ന് മുതല്‍ തത്കാല്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ മേഖലയിലെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു.

തത്കാല്‍ ക്വാട്ടയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് എസി ക്ലാസ്സിലേക്കുള്ള യാത്രയ്ക്ക് ഒരു ദിവസം മുമ്പും രാവിലെ 11 മണിക്ക് ശേഷം സ്ലീപ്പര്‍ ക്ലാസിന് ടിക്കറ്റുകളും ബുക്ക് ചെയ്യണം. യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് തത്കാല്‍ ക്വാട്ടയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് നിരക്ക് കൂടുതലായിരിക്കും.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 25 മുതല്‍ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ 230 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വ്വീസ് മാത്രമാണ് നടത്തുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇതിനകം തന്നെ അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് 30 ദിവസത്തില്‍ നിന്ന് 120 ദിവസത്തേക്ക് നീട്ടി. 30 പ്രത്യേക രാജധാനി, 200 സ്‌പെഷ്യല്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള റിസര്‍വേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ മന്ത്രാലയം വക്താവ് പറഞ്ഞു.

എല്ലാ സ്‌പെഷ്യല്‍ ട്രെയിനുകളുടെയും റിസര്‍വേഷന്‍ 30 ദിവസത്തില്‍ നിന്ന് 120 ദിവസത്തേയ്ക്ക് നീട്ടിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കിയതിനെ തുടര്‍ന്ന്, ടിക്കറ്റ് തുക തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്ക്ക് സമയ പരിധിയുള്ള ട്രെയിനുകള്‍ക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved