ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പ്രാദേശിക ലോക്ക്ഡൗണുകള്‍ തിരിച്ചടിയായി

August 11, 2020 |
|
News

                  ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പ്രാദേശിക ലോക്ക്ഡൗണുകള്‍ തിരിച്ചടിയായി

ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. രാജ്യത്തെ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് എട്ട് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. വിള വിതയ്ക്കല്‍ സീസണ്‍ ഏറെക്കുറെ അവസാനിക്കുകയും വൈറസ് പടരുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ മൈക്രോ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ കാരണം.

ഓഗസ്റ്റ് ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് 8.67 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് രണ്ട് വരെയുള്ള ആഴ്ചയില്‍ ഇത് 7.19 ശതമാനമായിരുന്നു. സെന്റര്‍ ഓഫ് മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ പുതിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. ജൂലൈ 12 ന് അവസാനിച്ച ആഴ്ചയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണിത്. ജൂലൈയില്‍ രേഖപ്പെടുത്തിയ 7.43 ശതമാനത്തിന്റെ പ്രതിമാസ തൊഴിലില്ലായ്മയേക്കാള്‍ കൂടുതലാണ് ഇത്.

ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റ് 9 ന് അവസാനിച്ച ആഴ്ചയില്‍ രണ്ട് ശതമാനം ഉയര്‍ന്ന് എട്ട് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.37 ശതമാനമായി മാറി. കഴിഞ്ഞ ആഴ്ച ഇത് 6.47 ശതമാനമായിരുന്നു. മഴക്കാലം രൂക്ഷമായപ്പോള്‍ വിള വിതയ്ക്കല്‍ സീസണ്‍ അവസാനിച്ചതും മറ്റ് കാരണങ്ങളും മൂലമാണ് ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാകാന്‍ കാരണം. സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ജൂണ്‍ 14 ന് അവസാനിച്ച ആഴ്ചയിലാണ് ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്ക് പ്രകടിപ്പിച്ചത്. 10.96 ശതമാനമായിരുന്നു അന്നത്തെ ഉയര്‍ന്ന നിരക്ക്.

നഗര തൊഴിലില്ലായ്മ നിരക്ക്, ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയില്‍ 9.31 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ഇത് 8.73 ശതമാനമായിരുന്നു. ജൂലൈയിലെ പ്രതിമാസ നഗര തൊഴിലില്ലായ്മ 9.15 ശതമാനമായിരുന്നുവെന്ന് സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അവസരങ്ങളുടെ അഭാവവും കാര്‍ഷിക മേഖലയുടെ ശേഷി കുറയുന്നതും നഗരങ്ങളിലും നഗര കേന്ദ്രങ്ങളിലും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയാതെ വരുന്നതുമാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. നിര്‍മാണം, ടെക്‌സ്റ്റെയില്‍ വ്യവസായം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ആവശ്യവും ഗ്രാമങ്ങളിലെ ഉയര്‍ന്ന വേതന അസമത്വവും കാരണം കുടിയേറ്റക്കാര്‍ ഗ്രാമങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.

കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി പ്രാദേശികമായി പ്രഖ്യാപിപ്പിക്കുന്ന മൈക്രോ ലോക്ക്ഡൗണുകളും തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും എക്‌സ് എല്‍ആര്‍ഐ ജംഷദ്പൂരിലെ പ്രൊഫസറുമായ കെആര്‍ ശ്യാം സുന്ദര്‍ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ തൊഴില്‍ ഗ്യാരണ്ടി സ്‌കീം പോലുള്ള സംവിധാനങ്ങള്‍ വഴിയുള്ള സാമ്പത്തിക ക്രമീകരണങ്ങള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. കാരണം ആ പദ്ധതികളിലൂടെ നല്‍കുന്ന പ്രവൃത്തികള്‍ മടങ്ങിയെത്തിയ നിരവധി തൊഴിലാളികളുടെ വേതനവും നൈപുണ്യവുമായി പൊരുത്തപ്പെടുന്നവയല്ല എന്ന് ശ്യാം സുന്ദര്‍ വിശദീകരിച്ചു. കുടിയേറ്റക്കാരുടെ മടങ്ങിവരവ് നഗരങ്ങളിലെ ആരോഗ്യ, തൊഴില്‍ സാഹചര്യങ്ങളില്‍ ഉടനടി സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഔപചാരിക മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് 10-12 ശതമാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' സ്റ്റാഫിംഗ് കമ്പനിയായ ജീനിയസ് കണ്‍സള്‍ട്ടന്റ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍ പി യാദവ് പറഞ്ഞു. ബിസിനസ്സുകളില്‍ പകര്‍ച്ചവ്യാധിയുടെ സ്വാധീനം വളരെ വലുതാണ്. കമ്പനികള്‍ പൂര്‍ണ്ണ ശേഷിയിലും മാര്‍ക്കറ്റ് റിട്ടേണുകളിലെ ഡിമാന്‍ഡിലും തിരിച്ചെത്തുമ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ക്രമേണ വര്‍ധനവ് ഉണ്ടാകുന്നത് കാണാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇ-കൊമേഴ്‌സ്, എഫ്എംസിജി തുടങ്ങിയ ചില മേഖലകള്‍ ക്രമേണ വളര്‍ച്ച കൈവരിക്കുമ്പോള്‍, പല മേഖലകളും ഒരു സാധാരണ അവസ്ഥയിലേക്ക് മടങ്ങാന്‍ മാസങ്ങളെടുക്കും. പ്രാദേശിക ലോക്ക്ഡൗണുകളും ആളുകള്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ഭയവും പ്രാദേശിക വ്യാപാര വിഭാഗങ്ങളായ മാളുകള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

© 2024 Financial Views. All Rights Reserved