ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് ആശ്വാസം; ജനുവരി 1 മുതല്‍ ശമ്പളമില്ലാത്ത അവധി ഒഴിവാക്കുന്നു

December 05, 2020 |
|
News

                  ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് ആശ്വാസം; ജനുവരി 1 മുതല്‍ ശമ്പളമില്ലാത്ത അവധി ഒഴിവാക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയിലെ ജീവനക്കാര്‍ക്ക് പുതുവര്‍ഷം ആഘോഷമാക്കാം. ജീവനക്കാരുടെ ശമ്പളമില്ലാതെ അവധി ഒഴിവാക്കാനുള്ള പദ്ധതികള്‍ സിഇഒ റോനോജോയ് ദത്ത പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിന് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ദത്ത വ്യക്തമാക്കിയത്. 2021 ജനുവരി 1 മുതല്‍ എല്ലാ വകുപ്പുകളിലുമുള്ള ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാം.

ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ അവധി മാസത്തില്‍ 10 ദിവസത്തില്‍ നിന്ന് മാസത്തില്‍ മൂന്ന് ദിവസമായി കുറച്ചിരുന്നു. കൊവി്-19 പാന്‍ഡെമിക് വരുമാനം കുറയുന്നതിനിടയിലാണ് ചെലവ് കുറയ്ക്കാന്‍ എയര്‍ലൈന്‍ സ്വീകരിച്ച നിരവധി നടപടികളില്‍ ഒന്ന്. 10 ശതമാനം ജീവനക്കാരെയും കമ്പനി വിട്ടയച്ചിരുന്നു.

മെയ് മാസത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനുശേഷം, യാത്രക്കാരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. ആഭ്യന്തര വിമാനഗതാഗതം ഒക്ടോബറില്‍ പ്രതിമാസം 33.67 ശതമാനം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ ഇന്‍ഡിഗോയുടെ നഷ്ടം 1,194.8 കോടി രൂപയായി വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1,062 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ സംഖ്യ വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും മികച്ചതാണ്.

അടുത്ത വര്‍ഷം ആദ്യം യാത്രക്കാരുടെ ഗതാഗതം കൊവിഡ് -19 ന് മുമ്പുള്ള നിലയിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദത്ത അഭിപ്രായപ്പെട്ടു. ഡിസംബര്‍ മൂന്നിന് അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ഇതേ കാര്യത്തെക്കുറിച്ച് ചില സൂചനകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസക്കാലം വലിയൊരു തുക നഷ്ടമായതായും ദത്ത കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആദ്യം മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസ് പൂര്‍ണമായും സര്‍ക്കാര്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved