മോട്ടോര്‍ വാഹന നികുതിയില്‍ വര്‍ധന; റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1027 കോടി രൂപ

March 11, 2022 |
|
News

                  മോട്ടോര്‍ വാഹന നികുതിയില്‍ വര്‍ധന; റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1027 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചതായി പ്രഖ്യാപനം. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.  ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. പഴയ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി. മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഹരിത നികുതിയും കൂട്ടി. ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.

പഴയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പിങ് നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കൂടാതെ മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ഇടത്തരം വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍, മറ്റു ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കാണ് ഹരിത നികുതി ചുമത്തുക

ഇതുവഴി ഏകദേശം 10 കോടിയോളം രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും. രണ്ട് കോടി രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1027 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായി 90 കോടി നീക്കി വയ്ക്കും. കൂടാതെ, അര്‍ബുദ രോഗങ്ങള്‍ വര്‍ധിച്ചവരുന്ന സാഹചര്യത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 427 കോടി, കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടി, തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി എന്നിവയും അനുവദിക്കും. സാമൂഹിക പങ്കാളിത്തത്തോടെ അര്‍ബുദ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പാലിയേറ്റീവ് രംഗത്തെ വിവിധ പദ്ധതികള്‍ക്കായി 5 കോടി രൂപയാണ് നീക്കിവച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പഠനം മുടങ്ങി യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 10 കോടി രൂപ മാറ്റിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രവര്‍ത്തനങ്ങള്‍ നോര്‍ക്കയുടെ പ്രത്യേക സെല്‍ ഏകോപിപ്പിക്കും.

Related Articles

© 2024 Financial Views. All Rights Reserved