കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികപരമായി ശ്വാസം മുട്ടിക്കുന്നു; വായ്പയും ഗ്രാന്‍ഡുകളും വെട്ടിക്കുറച്ചു കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു; 10,233 കോടി അവസാനപാദം വായ്പയായി നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് നല്‍കിയത് 1900 കോടി മാത്രം; തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1215 കോടിയും നെല്ല് സംഭരിച്ച വകയില്‍ 1035 കോടിയും കിട്ടാനുണ്ട്; ഈ പോക്ക് പോയാല്‍ കേരളത്തിന് പിടിച്ചു നില്‍ക്കുക സാധ്യമല്ല!

January 09, 2020 |
|
News

                  കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികപരമായി ശ്വാസം മുട്ടിക്കുന്നു;  വായ്പയും ഗ്രാന്‍ഡുകളും വെട്ടിക്കുറച്ചു കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു; 10,233 കോടി അവസാനപാദം വായ്പയായി നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് നല്‍കിയത് 1900 കോടി മാത്രം; തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1215 കോടിയും നെല്ല് സംഭരിച്ച വകയില്‍ 1035 കോടിയും കിട്ടാനുണ്ട്; ഈ പോക്ക് പോയാല്‍ കേരളത്തിന് പിടിച്ചു നില്‍ക്കുക സാധ്യമല്ല!

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക പരമായി ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി.  കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പ് കേട് മൂലം കേരളം അതിഗുരതരമായ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.  ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്നും കുറ്റപ്പെടുത്തി ഐസക്ക് രംഗത്തുവന്നു. കേരളത്തെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്ന് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനുള്ള വായ്പയും ഗ്രാന്‍ഡുകളും കേന്ദ്രം വെട്ടികുറച്ചു. ഈയൊരു സാഹചര്യത്തില്‍ ചെലവുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും ഐസക് പറഞ്ഞു.

10,233 കോടിയാണ് അവസാനപാദം വായ്പയായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 1900 കോടി മാത്രമാണ് ലഭിച്ചതെന്നും ആദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 19,500 കോടി രൂപ വായ്പയായി അനുവദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1215 കോടിയും നെല്ല് സംഭരിച്ച വകയില്‍ 1035 കോടിയും കിട്ടാനുണ്ടെന്നും ഐസക്ക് വ്യക്തമാക്കി. ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിക്കേണ്ടിയിരുന്ന 1600 കോടി ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണ് ഖജനാവ്. ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരും. തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ ബില്ലുകള്‍ മാത്രമേ മാറി നല്‍കു എന്നും ധനമന്ത്രി വ്യക്തമാക്കി. ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകും. എന്തുകൊണ്ട് വായ്പ വെട്ടിക്കുറച്ചു എന്ന് കേന്ദ്രം പറയുന്നില്ല. കേന്ദ്ര നിലപാട് വലിയ വിരോധാഭാസമാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. എന്തുകൊണ്ട് പ്രളയ ദുരിതാശ്വാസം നല്‍കുന്നില്ല എന്നതിലും കേന്ദ്രം മറുപടി പറയുന്നില്ലെന്നും ഐസക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്രം ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നും തുക അനുവദിച്ചപ്പോള്‍ കേരളത്തെ പൂര്‍ണമായും തഴയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തെ അതില്‍ പരിഗണിക്കുകപോലും ചെയ്തിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതസമിതിയാണ് കേരളത്തെ തഴയുന്ന തീരുമാനം കൈക്കൊണ്ടിരുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പരിഹസിക്കുന്ന അവസ്ഥയാണെന്ന ആക്ഷേപം ശക്തമായിരുന്നു.

2019-ലെ പ്രളയ ദുരിതാശ്വാസത്തിനായി കേരളം 2100 കോടിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രതീരുമാനം നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും. അസമിന് 616.3, ഹിമാചലിന് 284.93, കര്‍ണാടകത്തിന് 1869.85, മധ്യപ്രദേശിന് 1749.73, മഹാരാഷ്ട്രയ്ക്ക് 956.93, ത്രിപുരയ്ക്ക് 63.32-ഉം കോടിയാണ് തിങ്കളാഴ്ച കേന്ദ്രം അനുവദിച്ചത്. നേരത്തേ കര്‍ണാടകയ്ക്ക് 1200, മധ്യപ്രദേശിന് 1000, മഹാരാഷ്ട്രയ്ക്ക് 600, ബിഹാറിന് 400 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. 2018-ലെ മഹാപ്രളയത്തില്‍ കേരളത്തിന് യു.എ.ഇ. സഹായവാഗ്ദാനം കിട്ടിയപ്പോള്‍ അതിനനുവാദം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിച്ച കേന്ദ്രസര്‍ക്കാര്‍ വീണ്ടും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്.

2018-ലും 2019-ലും പ്രളയം ഉണ്ടായത് കേരളത്തെ സാരമായി ബാധിച്ചിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടി. പ്രതിസന്ധികളും കേരളത്തെയാണ് സാരമായി ബാധിച്ചത്. സര്‍ക്കാര്‍ നിത്യചെലവ്ക്ക് പോലും വഴിയില്ലാത്ത അവസ്ഥയിലാണ് പോകുന്നത്. ഇക്കാര്യമാണ് ധനമന്ത്രി തുറന്നു പറഞ്ഞിരിക്കുന്നത്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയില്‍ വരാത്ത മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്നുള്ള നികുതിവരുമാനം കുറഞ്ഞത് അടക്കമാണ് കേരളത്തെ ബുദ്ധിമുട്ടിക്കുന്നത്.

ജി.എസ്.ടി.യില്‍നിന്ന് ഇപ്പോള്‍ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവാണ് പ്രതിമാസം ഉണ്ടാകുന്നത്. ജി.എസ്.ടി. വരുമാനത്തിലെ മാന്ദ്യം കേരളത്തില്‍ മാത്രമല്ല, രാജ്യമാകെയുണ്ട്. ഈ കുറവു നികത്തേണ്ട് കേന്ദ്രം അതിന് തയ്യാറുകുന്നുമില്ല. ശമ്പളവും പെന്‍ഷനും പലിശച്ചെലവും: റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ഈയിനത്തില്‍ ചെലവാകും. ഇവയും കുറയ്ക്കാനാകില്ല. പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും പ്രതിസന്ധികള്‍ക്ക് ഇടയാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ 18,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയത് ഉള്‍പ്പെടെയാണിത്.

പദ്ധതിച്ചെലവും അനാവശ്യചെലവും ധൂര്‍ത്തും സാമ്പത്തിക രംഗത്തെ കുടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതുമാത്രമാണ് സര്‍ക്കാരിന് നിയന്ത്രിക്കാനാവുന്നത്. എന്നാല്‍, അനാവശ്യചെലവുകള്‍ കാര്യമായി നിയന്ത്രിക്കാന്‍ ഈ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള ആലോചനകളിലേക്ക് കടന്നിരിക്കയാണ് ധനവകുപ്പ. ട്രഷറിയില്‍ മുന്‍കാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയില്‍ ഈ വര്‍ഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്. പുനര്‍നിര്‍മ്മാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജന്‍സികളില്‍നിന്നെടുക്കുന്ന വായ്പകളും ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ പൊതുആവശ്യങ്ങള്‍ക്ക് വായ്പയെടുക്കാനാവാതെ വരും. ആശങ്ക ഒഴിവാക്കാന്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കും.

Related Articles

© 2024 Financial Views. All Rights Reserved