വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്ക് 500 കോടി കെഎഫ്‌സി വായ്പ പ്രഖ്യാപിച്ച് സര്‍ക്കാര്‍

August 13, 2021 |
|
News

                  വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്ക് 500 കോടി കെഎഫ്‌സി വായ്പ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്ക് 500 കോടി കെഎഫ്‌സി വായ്പ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയില്‍ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ കെ എഫ് സി മുഖേന വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്കായുള്ള പുതിയ വായ്പാ പദ്ധതിക്ക് രൂപമായെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
 
ഉത്പ്പാദന-സേവന മേഖലകളിലെ സംരംഭകര്‍ക്ക് പുതിയ യൂണിറ്റുകള്‍ തുടങ്ങുവാനും, നിലവിലുള്ള യൂണിറ്റുകള്‍ വിപുലീകരിക്കാനും സഹായം ലഭിക്കും. ദീര്‍ഘകാല വായ്പകള്‍, ഹ്രസ്വകാല വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയില്‍ നല്‍കുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ മികച്ച വ്യവസായിക സ്ഥാപനങ്ങള്‍ കൂടുതലും വ്യവസായ എസ്റ്റേറ്റുകള്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി കെ എഫ് സി മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കമ്പനികള്‍ക്ക് 20 കോടിയും, പ്രോപ്രെയ്റ്റര്‍ഷിപ്, പാര്‍ട്ണര്‍ഷിപ് എന്നിവക്ക് 8 കൊടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീര്‍ഘകാല വായ്പകള്‍ക്ക് പ്രൊജക്റ്റ് തുകയുടെ 66% ലോണ്‍ ലഭിക്കും. ബാക്കി 34% പ്രൊമോട്ടര്‍മാര്‍ കൊണ്ട് വരേണ്ടതാണ്. എന്നാല്‍ പ്രൊജക്റ്റ് തുകയില്‍ ലാന്‍ഡ് കോസ്‌ററ് ഉള്‍പെടുത്തിയിട്ടില്ലെങ്കില്‍ 75% വരെ ലോണ്‍ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രൊജക്റ്റ് കോസ്റ്റിന്റെ 90 ശതമാനം വരെ ആയിരിക്കും വായ്പക്കുള്ള അര്‍ഹത.

പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കില്‍ ഹയര്‍ പര്‍ച്ചേസ് ഒഴികെയുള്ള ലോണുകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല. മാത്രമല്ല 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഇഏഠങടഋ സൗകര്യവും നല്‍കുന്നതാണ്. കേരളത്തിലെ എല്ലാ വ്യാവസായിക എസ്റ്റേറ്റുകളുടെയും പ്രവര്‍ത്തനം വിശദമായി വിശകലനം ചെയ്തതിനു ശേഷമാണു ഈ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ പൂര്‍ണരൂപം കെഎഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക് ഈ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

Read more topics: # KFC,

Related Articles

© 2024 Financial Views. All Rights Reserved