വിപണിയില്‍ കിറ്റെക്സ് ഓഹരികള്‍ കുതിപ്പ് തുടരുന്നു; 5 ദിവസം കൊണ്ട് 46 ശതമാനം ഉയര്‍ച്ച

July 12, 2021 |
|
News

                  വിപണിയില്‍ കിറ്റെക്സ് ഓഹരികള്‍ കുതിപ്പ് തുടരുന്നു; 5 ദിവസം കൊണ്ട് 46 ശതമാനം ഉയര്‍ച്ച

ന്യൂഡല്‍ഹി: വിപണിയില്‍ കിറ്റെക്സ് ഓഹരികള്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച്ചയും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് 18 ശതമാനത്തിലേറെ നേട്ടവുമായി വ്യാപാരം നടത്തുകയാണ്. തെലങ്കാനയില്‍ നിക്ഷേപ പദ്ധതികള്‍ക്കുള്ള നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് കിറ്റെക്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. രാവിലെ 158.40 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്സിന്റെ ഓഹരി വില 11.30 -ന് 168.65 രൂപയിലെത്തി (19.99 ശതമാനം നേട്ടം).
 
ഇന്ന് മാത്രം കമ്പനിയുടെ ഓഹരി വില 28 രൂപയോളം വര്‍ധിച്ചു. ഇതോടെ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കും കിറ്റെക്സ് വന്നെത്തി. നേരത്തെ, കേരളത്തില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില 108.75 രൂപ തൊട്ടിരുന്നു (ജൂലായ് 6). എന്തായാലും കഴിഞ്ഞ 5 ദിവസം കൊണ്ട് 46 ശതമാനം ഉയര്‍ച്ചയാണ് കിറ്റെക്സ് കയ്യെത്തിപ്പിടിച്ചത്. ഇക്കാലയളവില്‍ കമ്പനിയുടെ ഓഹരി വില 53 രൂപയോളം കൂടി.

കേരളത്തില്‍ സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമില്ലെന്ന ആക്ഷേപം ഉയര്‍ത്തിയാണ് കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് തെലങ്കാനയിലേക്ക് കളം മാറ്റുന്നത്. തെലങ്കാനയിലെ വാറങ്കല്‍ കാകതിയ മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കില്‍ 1,000 കോടി രൂപയുടെ തുണിത്തര ഫാക്ടറി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സ് ഗ്രൂപ്പും ധാരണയിലെത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതികളില്‍ നിന്നും കിറ്റെക്സ് ഗ്രൂപ്പ് പിന്മാറിയത്.

ഇനി കേരളത്തില്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് അറിയിച്ചിട്ടുണ്ട്. എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും സംഭവത്തില്‍ സാബു ജേക്കബ് നടത്തി. ആദ്യഘട്ടത്തില്‍ തെലങ്കാനയില്‍ 1,000 കോടി രൂപ നിക്ഷേപം നടത്തും. ഇതിന് ശേഷം മാത്രമേ കൂടുതല്‍ നിക്ഷേപം നടത്തണമോയെന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും സാബു ജേക്കബ് തെലങ്കാന സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കിറ്റെക്സ് ഗ്രൂപ്പിനെ കര്‍ണാടകത്തില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിച്ചിട്ടുണ്ട്.

ഇതേസമയം, സാബു ജേക്കബിന്റേത് ഒറ്റപ്പെട്ട അഭിപ്രായം മാത്രമെന്ന് വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. വ്യവസായികളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. ഇപ്പോഴത്തെ സാഹചര്യം മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരളം അറിയപ്പെടുന്നത് നിക്ഷേപ സൗഹൃദമായ സംസ്ഥാനമായാണ്. എന്നാല്‍ ഇപ്പോള്‍ ഉയരുന്നതാകട്ടെ, വസ്തുതയ്ക്ക് നിരക്കാത്ത ആരോപണവും. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കിറ്റെക്സ് വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ, 9.73 കോടി രൂപ അറ്റാദായം കുറിച്ചാണ് കിറ്റെക്സ് മാര്‍ച്ച് പാദം പിന്നിട്ടത്. മുന്‍വര്‍ഷമിത് 19.22 കോടി രൂപയായിരുന്നു. കഴിഞ്ഞതവണത്തെ ലാഭയിടിവ് 49.3 ശതമാനം. എന്തായാലും പുതിയ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരി വില 185 രൂപ വരെ എത്താമെന്ന് ഒരുപിടി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രവചിക്കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved