ഒരു മണിക്കൂറില്‍ ഫ്രഷ് പായ്ക്കറ്റിലാകുന്നത് ആയിരം കോഴികള്‍ ! വിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ കേരളാ ചിക്കന്‍ പദ്ധതി; ഒരുങ്ങുന്നത് മൂന്ന് ഇറച്ചി സംസ്‌കരണശാലകള്‍; 100 ശതമാനം യന്ത്രവത്കൃത സംസ്‌കരണശാലകള്‍ വരുന്നതോടെ കോഴി കര്‍ഷകരും ആഹ്ലാദത്തില്‍

July 20, 2019 |
|
News

                  ഒരു മണിക്കൂറില്‍ ഫ്രഷ് പായ്ക്കറ്റിലാകുന്നത് ആയിരം കോഴികള്‍ ! വിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ കേരളാ ചിക്കന്‍ പദ്ധതി; ഒരുങ്ങുന്നത് മൂന്ന് ഇറച്ചി സംസ്‌കരണശാലകള്‍; 100 ശതമാനം യന്ത്രവത്കൃത സംസ്‌കരണശാലകള്‍ വരുന്നതോടെ കോഴി കര്‍ഷകരും ആഹ്ലാദത്തില്‍

തിരുവനന്തപുരം: ഭക്ഷ്യ വിപണിയില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള ഒന്നാണ് കോഴിയിറച്ചി. ചെറുതും വലുതുമായി ഒട്ടേറെ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റുകള്‍ നിലനില്‍ക്കവേയാണ് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ കുടുംബശ്രീയും ഒരുങ്ങുന്നത്. ആയിരം കോഴികളെ വരെ മണിക്കൂറില്‍ കൃത്യമായ കഷണങ്ങളാക്കി പായ്ക്ക് ചെയ്യുന്ന പദ്ധതിയാണ് കുടുംബശ്രീ നടപ്പിലാക്കാന്‍ പോകുന്നത്. കേരളാ ചിക്കന്‍ എന്നാണ് പദ്ധതിയുടെ പേര്. മൂന്നു ഇറച്ചി സംസ്‌കരണശാലകളാണ് പദ്ധതിയുടെ ഭാഗമായി വരാന്‍ പോകുന്നത്. ഇവ 100 ശതമാനം യന്ത്രവത്കൃതമായിരിക്കും. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക.

കുടുംബശ്രീയിലെ കോഴി കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.  തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മൂന്നു റീജണല്‍ യൂണിറ്റുകളായിരിക്കും ആദ്യം പ്രവര്‍ത്തനം ആരംഭിക്കുക. ഇതിനായി തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. കുടുംബശ്രീ കേരള ചിക്കന്‍ എന്ന ബ്രാന്‍ഡില്‍ സെപ്റ്റംബറോടെ വിപണിയിലെത്തും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് ഏവിയന്‍ സയന്‍സുമാണ് പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുന്നത്.കുടുംബശ്രീ അംഗങ്ങളായിരിക്കും പ്ലാന്റിലെ ജീവനക്കാരെന്ന് കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. ഡോ. നികേഷ് കുമാര്‍ പറഞ്ഞു. കുറഞ്ഞ കാലയളവില്‍ ഉയര്‍ന്ന വരുമാനം നേടാമെന്നതിനാല്‍ ഇറച്ചിക്കോഴി ഫാം നടത്തുന്നവര്‍ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍.

ഏജന്‍സി ഏല്‍പിക്കുന്ന കുഞ്ഞുങ്ങളെ 3540 ദിവസം പരിപാലിച്ച് വളര്‍ത്തു കൂലി വാങ്ങി അവര്‍ക്കുതന്നെ കൈമാറുന്ന ഇന്റഗ്രേഷന്‍ രീതിയാണ് കര്‍ഷകര്‍ക്കു പ്രിയം. ഇറച്ചിക്കോഴിവിപണിയിലെ കയറ്റിറക്കങ്ങള്‍ തങ്ങളെ ബാധിക്കില്ല എന്നതുതന്നെ കാരണം. അതേ സമയം ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വിപണിവിലയ്ക്ക് വില്‍ക്കുന്നവരെ സംബന്ധിച്ച് ഈ സംരംഭം എന്നുമൊരു ചൂതാട്ടം തന്നെ.

വിപണി കയ്യാളുന്ന ഇടനിലക്കാര്‍ വില തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ നടത്തുന്ന കരു നീക്കങ്ങള്‍ കര്‍ഷക രെ പ്രതിസന്ധിയിലാക്കുന്നതു പതിവു കാഴ്ചയാണ്. ഒരു കോഴിക്കുഞ്ഞിന്റെ ഉല്‍പാദനച്ചെലവ് 2225 രൂപയിലൊതുങ്ങുമെങ്കിലും വില അമ്പതിനപ്പുറമെത്തിച്ച് ചൂഷണം ചെയ്യുന്നതും ഇറച്ചിക്കോഴി വില കിലോയ്ക്ക് 230 രൂപവരെ ഉയര്‍ത്തി ഉപഭോക്താവിനെ കൊള്ളയടിക്കുന്നതും ഇടനിലക്കാരുടെ കൗശലം.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved