ഒമിക്രോണ്‍ വ്യാപനം: മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മദ്യക്കമ്പനികള്‍

January 25, 2022 |
|
News

                  ഒമിക്രോണ്‍ വ്യാപനം: മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മദ്യക്കമ്പനികള്‍

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് സംസഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മദ്യക്കമ്പനികള്‍ രംഗത്ത്. നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും വാരാന്ത്യ നിയന്ത്രണങ്ങളും കമ്പനികളുടെ വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഡിമാന്‍ഡ് ഇടിയാതിരിക്കാനും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും ഹോം ഡെലിവറി ആവശ്യമാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ഏകദേശം 3.9 ട്രില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ മദ്യ വിപണി.

ഈ മാസം ആദ്യം YouGov നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നവരായിരുന്നു. ഔട്ട്ലെറ്റുകളിലെ തിരക്കാണ് പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. ഇ-കൊമേഴ്സ് അല്ലെങ്കില്‍ ഹോം ഡെലിവറി സൗകര്യം മദ്യ വിതരണത്തില്‍ കൊണ്ടുവരണമെന്ന് Ab InBev സൗത്ത്-ഈസ്റ്റ് ഏഷ്യ പ്രസിഡന്റ് കാര്‍ത്തികേയ ശര്‍മ ആവശ്യപ്പെട്ടു. ബഡ് വൈസര്‍, കൊറോണ, സ്റ്റെല്ല ആര്‍ട്ടോയിസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് Ab InBev. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈനായി മദ്യം നല്‍കുന്നതിലൂടെ സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കാതെ ഉപോഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനാവുമെന്നും കാര്‍ത്തികേയ ശര്‍മ പറഞ്ഞു. മദ്യത്തിന്റെ ഹോം ഡെലിവറി സാധാരണ ഒന്നാക്കി മാറ്റാനുള്ള അവസരമായി സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡിന്റെ മൂന്നാം തരംഗത്തെ കാണണമെന്ന് റാഡിക്കോ ഖൈതാന്‍ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അമര്‍ സിന്‍ഹ പറഞ്ഞു.

ഹോം ഡെലിവറി നടപ്പാക്കുമ്പോള്‍ മദ്യ വിതരണ ശൃംഖലയില്‍ സമൂലമായ മാറ്റം വരും. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ചട്ടക്കൂടുകള്‍ രൂപീകരിക്കണം. ഭക്ഷ്യ വിതരണ ശൃംഖലയെ ഇതിനായി ഉപയോഗിക്കാമെന്നും മദ്യക്കമ്പനികള്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റിലൈസേഷനില്‍ നേടിയ പുരോഗതി മദ്യം വീട്ടിലെത്തിച്ചു നല്‍കല്‍ എളുപ്പാമാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനി (ഇന്ത്യ) ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്ത് ഡല്‍ഹി, ഛത്തീസ്ഗഡ്, ഒഡീഷ, പൂനെ(മഹാരാഷ്ട്ര), കര്‍ണാടക, പഞ്ചാബ്, കൊല്‍ക്കത്ത(പശ്ചിമ ബംഗാള്‍), ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിച്ചിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved