സ്മാര്‍ട്ട് ആയി മദ്യ വില്‍പ്പന; സംസ്ഥാനത്ത് മദ്യവില്‍പന ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു; ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിലെത്തി; മദ്യം ലഭിക്കുക ഇ ടോക്കണുള്ളവര്‍ക്ക് മാത്രം

May 28, 2020 |
|
News

                  സ്മാര്‍ട്ട് ആയി മദ്യ വില്‍പ്പന; സംസ്ഥാനത്ത് മദ്യവില്‍പന ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു;  ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിലെത്തി;  മദ്യം ലഭിക്കുക ഇ ടോക്കണുള്ളവര്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പന ഇന്നു രാവിലെ 9നു പുനരാരംഭിക്കും. ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കേ മദ്യം നല്‍കൂ. ഹോട്‌സ്‌പോട്ടുകളില്‍ ലഭിക്കില്ല. വാങ്ങാനെത്തുന്നവര്‍ക്കു തെര്‍മല്‍ സ്‌കാനിങ് ഉണ്ട്. ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ബവ്‌കോ വിലയ്ക്കു തന്നെ ബീയര്‍വൈന്‍ പാര്‍ലറുകളില്‍ ബീയറും വൈനും വില്‍ക്കും.

ശേഷി പരീക്ഷണം പൂര്‍ത്തിയായ ആപ് ഇന്നലെ രാത്രി 11നു പ്ലേ സ്റ്റോറില്‍ ലഭ്യമായി. രാവിലെ 6 മുതല്‍ രാത്രി 10 വരെ ടോക്കണ്‍ എടുക്കാം. വില്‍പന രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ഒരു സമയം 5 പേര്‍ക്കേ കൗണ്ടറില്‍ പ്രവേശനമുള്ളൂ. ടോക്കണ്‍ ലഭിക്കാതെ മദ്യശാലയ്ക്കു മുന്നിലെത്താന്‍ പാടില്ല. ക്ലബുകളിലും ഈയാഴ്ച മദ്യം വില്‍പന അനുവദിക്കും. എന്നാല്‍ ഇതിന് ആപ് വേണ്ട.

ടോക്കണ്‍ 4 ദിവസത്തിലൊരിക്കല്‍ മാത്രമാണ് ലഭ്യമാകുക. ഒരിക്കല്‍ ടോക്കണ്‍ എടുത്താല്‍ അഞ്ചാം ദിവസമേ വീണ്ടും ലഭിക്കൂ.  പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ മാസ്‌ക് ധരിച്ച് തിരിച്ചറിയല്‍ രേഖയും ബുക്ക് ചെയ്ത മൊബൈല്‍ ഫോണുമായി ചെല്ലണം. പണവും അവിടെ നല്‍കിയാല്‍ മതി.

ബവ്ക്യൂ ആപ്പ്

ഒരു ലക്ഷത്തില്‍ അധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് കണക്ക്. ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍ മദ്യത്തിനുള്ള ബുക്കിങ് സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാല്‍ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറില്‍ പബ്ലിഷ് ചെയ്യുന്നതിന് നല്‍കിയെങ്കിലും ഗൂഗിള്‍ കൂടുതല്‍ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവില്‍ വരാന്‍ വൈകിയതെന്നു ഫെയര്‍കോഡ് ടെക്നോളജീസ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ യൂസര്‍ മാന്വല്‍ പുറത്തു പോയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആര്‍ക്കെങ്കിലും ടോക്കണുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകള്‍ക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല.

ആപ്പിന്റെ എപികെ ഫയല്‍ ചോര്‍ന്നത് കമ്പനിയില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ അല്ല. കര്‍ശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസര്‍ മാന്വല്‍ പുറത്തു വിട്ടതും കമ്പനിയില്‍ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വല്‍ പുറത്തായത്. ഇതിലും ജീവനക്കാര്‍ ഉത്തരവാദികളല്ലെന്ന് ഫെയര്‍കോഡ് ടെക്നോളജീസ് പറഞ്ഞു. ആപ് വരാന്‍ മണിക്കൂറുകള്‍ വൈകിയതോടെ കമ്പനിയുടെ ഫേസ്ബുക് പേജില്‍ അന്വേഷണങ്ങളുമായി ഉപയോക്താക്കള്‍ തിരക്കുകൂട്ടി. ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫേസ്ബുക്ക് പേജിലൂടെയാണ് ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചത്.

ഇന്ന് 4,64,000 ടോക്കണ്‍ നല്‍കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. നാളത്തേയ്ക്കുള്ള ബുക്കിങ്ങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകും. ഇതുവരെ 10 ലക്ഷത്തോളം എസ്എംഎസ് ബുക്കിങ്ങ് ആണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ബുക്കിങ്ങ് നല്‍കിയിട്ടില്ല. ആപ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമേ എസ്എംഎസ് ബുക്കിങ്ങ് ആരംഭിക്കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലുടെയും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍പന നടത്തും. ഒരു ഫോണ്‍ നമ്പറില്‍ നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ മദ്യം ലഭിക്കൂ.

സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന ബെവ് ക്യൂ ആപ്പ് വഴിയും എസ്.എം.എസ് വഴിയുമുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയുമാണ് വില്‍പന. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാന്‍ ക്യൂ മാത്രമാണ് ഓണ്‍ലൈനാക്കിയിട്ടുള്ളത്. ഷോപ്പുകളിലെ മദ്യവില്‍പനയ്ക്കുള്ള സൗകര്യം അനുസരിച്ച് ഓരോത്തര്‍ക്കും സമയക്രമം നിശ്ചയിച്ച് നല്‍കും. ഒരേസമയം അഞ്ചുപേര്‍ക്കേ മദ്യം ലഭിക്കൂ. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിങ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വെര്‍ച്വല്‍ക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ തുക ബെവ്കോയ്ക്ക് നല്‍കണം. ഉപഭോക്താക്കള്‍ക്ക് ബുക്കിങ് ചാര്‍ജില്ല.

തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ഒരാള്‍ക്ക് ഒരു തവണ 3 ലിറ്ററാണ് ലഭിക്കുക. മദ്യം വാങ്ങാന്‍ ബുക്ക് ചെയ്യുന്ന ആള്‍ തന്നെ എത്തണമെന്നില്ല. എന്നാല്‍ ബുക്ക് ചെയ്ത ഫോണ്‍ വരുന്നയാളിന്റെ കൈവശം വേണം. ബുക്ക് ചെയ്ത സമയത്തെത്തിയില്ലെങ്കില്‍ മദ്യം കിട്ടില്ല. അതിന് വീണ്ടും ബുക്ക് ചെയ്യണം. ക്ളബ്ബുകളില്‍ നിന്ന് ഇന്ന് മദ്യം ലഭിക്കില്ല. ഇരുന്ന് കഴിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ അംഗങ്ങള്‍ക്ക് മദ്യം പാഴ്സല്‍ വാങ്ങാന്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടതുണ്ട്. മിലിട്ടറി കാന്റിനുകള്‍ വഴി മദ്യം നല്‍കുന്നതിന് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ ഈയാഴ്ച പരിഹാരം കാണുമെന്ന് എക്സൈസ് കമ്മിഷണര്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved