ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണത്തിന് സാന്‍മിന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് റിലയന്‍സ്

March 04, 2022 |
|
News

                  ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണത്തിന് സാന്‍മിന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് റിലയന്‍സ്

ഹൈടെക് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രംഗത്ത് മുന്നേറാന്‍ അമേരിക്കന്‍ കമ്പനിയായ സാന്‍മിന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചെന്നൈയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് യുഎസില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സാന്‍മിന കോര്‍പ്പറേഷനുമായി റിലയന്‍സ് ജോയ്ന്റ് വെഞ്ച്വറിന് രൂപം നല്‍കിയത്. ഇതുവഴി 1,670 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി.

5ജി കമ്മ്യൂണിക്കേഷന്‍സ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങള്‍, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയ്ക്കായി ഹാര്‍ഡ്വെയര്‍ നിര്‍മിക്കാനാണ് പുതിയ സംരഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റിലയന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. സംയുക്ത സംരഭത്തില്‍ 50.1 ശതമാനം പങ്കാളിത്തം റിലയന്‍സിനായിരിക്കും. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ചെന്നൈയിലെ സാന്‍മിനയുടെ കാമ്പസിലായിരിക്കും. പിന്നീട് രാജ്യത്തെ മറ്റ് നിര്‍മാണ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

ഹൈ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ഹാര്‍ഡ്വെയറിന് മുന്‍ഗണന നല്‍കി ഒരു ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ഹബ് സൃഷ്ടിക്കാനാണ് ഇരുകമ്പനികളുടെയും ഉദ്ദേശം. ഇന്ത്യയില്‍ ഹൈടെക് നിര്‍മാണത്തിനുള്ള സുപ്രധാന വിപണി അവസരം ആക്‌സസ് ചെയ്യുന്നതിനായി സാന്‍മിനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു. ചെന്നൈയില്‍ സാന്‍മിനയുടെ കാമ്പസ് 100 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved