സിമന്റിന് വില വര്‍ധിപ്പിക്കാന്‍ നീക്കം; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

September 30, 2020 |
|
News

                  സിമന്റിന് വില വര്‍ധിപ്പിക്കാന്‍ നീക്കം; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വിലയില്‍ ഇടിവ് നേരിട്ട സിമന്റിന് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികള്‍ തയാറെടുക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലോ ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കഴിഞ്ഞ ഉടനെയോ വില കൂട്ടിയേക്കുമെന്നാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബറില്‍ ബാഗിന് 3 രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വില കുറഞ്ഞിരുന്നത്. ദേശീയ വിപണിയില്‍ 3.7 ശതമാനം വരെ വിലയിടിവ് രണ്ടാം പാദത്തില്‍ ഉണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആദ്യ രണ്ട് ത്രൈമാസങ്ങളിലും സിമന്റിന് ആവശ്യക്കാര്‍ കുറവായിരുന്നു. മൂന്നാം പാദത്തില്‍ വടക്ക്, കിഴക്ക്, മധ്യ മേഖലകളില്‍ സിമന്റ് വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബറില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6-8 ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബീഹാര്‍, പശ്ചിംബംഗാള്‍, ഝാര്‍ഘണ്ഡ് തുടങ്ങിയ വിപണികളിലാണ് ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് കാണുന്നത്. അതേസമയം കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ വിപണിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഇനിയും സിമന്റിന് ഡിമാന്‍ഡ് വര്‍ധിച്ചിട്ടില്ല. കോവിഡിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും സിമന്റ് വിപണിയെ ബാധിച്ചു. ജൂണ്‍- ഓഗസ്റ്റ് കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 മുതല്‍ 24 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്തംബറില്‍ മാത്രം 20 ശതമാനത്തോളം കുറവുണ്ടായി. മഹാരാഷ്ട്ര അടക്കമുള്ള പടിഞ്ഞാറന്‍ മേഖലയിയിലും ഡിമാന്‍ഡില്‍ വലിയ കുറവ് ഉണ്ടായിരുന്നു. 22-24 ശതമാനം കുറവാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്.

അസംസ്‌കൃത വസ്തുവായ പെട്രോളിയം കോക്കിന്റെ വില ഉയര്‍ന്നു നില്‍ക്കുന്നത് ടണ്ണിന് 54-70 രൂപ നിരക്കില്‍ അധിക ചെലവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം ഡീസല്‍ വില ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ് കൂട്ടുന്നതിനാല്‍ ടണ്ണിന് 70-100 രൂപയുടെ വര്‍ധനവിനും കാരണമാകും.
രാജ്യത്ത് 2018-19 വര്‍ഷത്തില്‍ 337.22 മില്യണ്‍ ടണ്‍ സിമന്റാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. 510 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് രാജ്യത്തെ വിവിധ കമ്പനികള്‍ക്കുള്ളത്. 67 ശതമാനം ഉല്‍പ്പാദന ശേഷി മാത്രമേ ഇപ്പോള്‍ വിനിയോഗിക്കുന്നുള്ളുവെന്നാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ കണക്ക്.

Related Articles

© 2024 Financial Views. All Rights Reserved