നാട്ടിക ഫിഷറീസ് സ്‌കൂളിന് സ്വന്തമായി മണപ്പുറം എഡ്യൂസ് ഇ-ലേണിങ് ആപ്പ്; കോളിങ് സംവിധാനം കൂടി ഉള്‍പ്പെടുന്ന ഈ ആപ്പില്‍ പഠനം ആസ്വാദ്യകരം

October 08, 2019 |
|
News

                  നാട്ടിക ഫിഷറീസ് സ്‌കൂളിന് സ്വന്തമായി മണപ്പുറം എഡ്യൂസ് ഇ-ലേണിങ് ആപ്പ്; കോളിങ് സംവിധാനം കൂടി ഉള്‍പ്പെടുന്ന ഈ ആപ്പില്‍ പഠനം ആസ്വാദ്യകരം

തൃശ്ശൂര്‍: കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ മൊബൈല്‍ ഇ-ലേണിങ് അപ്ലിക്കേഷന്‍ മണപ്പുറം ഫിനാന്‍സ് അവതരിപ്പിച്ചു. നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിലാണ് മണപ്പുറം എഡ്യൂസ് എന്ന ആപ്പ് അവതരിപ്പിച്ചത്. കോളിങ് സംവിധാനം കൂടി ഉള്‍പ്പെടുന്ന ഈ ആപ്പില്‍ പഠനം ആസ്വാദ്യകരവും ലളിതവുമാക്കുന്നതിന് പാഠഭാഗങ്ങള്‍, വിഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഫിഷറീസ് സ്‌കൂളില്‍ നടന്ന ചടങ്ങ് മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.  മണപ്പുറം ഗ്രൂപ്പിന്റെ എം.ഡിയും വി.പി. നന്ദകുമാറിന്റെ പത്നിയുമായ സുഷമ നന്ദകുമാര്‍ മണപ്പുറം എഡ്യൂസ് ആപ്പ് പ്രകാശനം ചെയ്തു .

സ്‌കൂളില്‍ നിന്നുള്ള അറിയിപ്പുകള്‍, പരീക്ഷ ഫലങ്ങള്‍, ടൈം ടേബിള്‍, മുന്‍കാല ചോദ്യപേപ്പറുകള്‍, കുട്ടികളുടെ അറ്റന്‍ഡന്‍സ്,  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കോള്‍ ആയും മെസേജ് ആയും നോട്ടിഫിക്കേഷനായും ഈ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ എത്തിച്ചേരും. അധ്യാപികയുടെ ശബ്ദത്തിലാണ് വിളികള്‍ ലഭിക്കുക.  മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ പരിശോധിക്കാന്‍ അറിവില്ലാത്ത രക്ഷാകര്‍ത്താക്കള്‍ക്ക് ഇത് സഹായകരമാകും. കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ആദ്യമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്‍ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, പി.ടി.എ.പ്രസിഡണ്ട് കെ.ബി. ഹംസ, വാര്‍ഡ് മെമ്പര്‍ ലളിത മോഹന്‍ദാസ്, ജ്യോതി പ്രസന്നന്‍, ലയണ്‍സ് തൃപ്രയാര്‍ പ്രസിഡണ്ട് ആന്റണി, സുഭാഷ് ഞാറ്റുവെട്ടി, യു.കെ.ഗോപാലന്‍, ബി.കെ.ജനാര്‍ദ്ദനന്‍, പ്രധാന അധ്യാപകരായ വനജകുമാരി, വി.അനിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലാപഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന് വേണ്ടി ടോഗിള്‍ ടെക്നോളജീസ് മണപ്പുറം എഡ്യൂസ് ആപ്പ് നിര്‍മ്മിച്ചത്. ഈ ആപ്പിന്റെ ഉപയോഗി രീതികള്‍ പരിചയപ്പെടുത്തുന്നതിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുമെന്ന് മണപ്പുറം ഗ്രൂപ്പ് ചീഫ് പി.ആര്‍ ഒ സനോജ് ഹെര്‍ബര്‍ട്ട് അറിയിച്ചു. മൊബൈല്‍ ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ലാബുകള്‍ വഴി സൗകര്യം ഒരുക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved