ഷെയര്‍ചാറ്റില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനായി മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു

August 08, 2020 |
|
News

                  ഷെയര്‍ചാറ്റില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനായി മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു

ഇന്ത്യന്‍ കണ്‍ടന്റ് ഷെയറിംഗ് പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനായി മൈക്രോസോഫ്റ്റ് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ചര്‍ച്ചകള്‍ വിജയിക്കുകയാണെങ്കില്‍, ഏറ്റവും പുതിയ ധനമസമാഹരണ റൗണ്ടില്‍ ഷെയര്‍ചാറ്റ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ മൂന്നിലൊന്ന് മൈക്രോസോഫ്റ്റിന്റെ പക്കല്‍ നിന്ന് ലഭിക്കുമെന്ന് ചില വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പുതിയ നിക്ഷേപരുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഷെയര്‍ചാറ്റ് ഫണ്ട് സ്വരൂപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലായതിനാല്‍ കരാര്‍ തീരുമാനമാകാന്‍ കുറച്ച് മാസങ്ങളെടുക്കാനാണ് സാധ്യത. അമേരിക്കയില്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്-ടോക്കിന്റെ പ്രവര്‍ത്തനങ്ങളും ചൈനയുടെ ബൈറ്റ്ഡാന്‍സില്‍ നിന്നുള്ള മറ്റ് ചില വിപണികളും സ്വന്തമാക്കാന്‍ സാങ്കേതിക ഭീമന്മാര്‍ അടുത്തിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
 
ഇതിനിടയിലാണ് ഷെയര്‍ചാറ്റിലും മൈക്രോസോഫ്റ്റ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലും യൂറോപ്പ് മേഖലയിലും ടിക്-ടോക്കിന്റെ സേവനങ്ങള്‍ സ്വന്തമാക്കാനും മൈക്രോസോഫ്റ്റ് ഇപ്പോള്‍ ശ്രമം നടത്തുന്നതായി വ്യാഴാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ടിക്-ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകളിലാണെന്നും അമേരിക്കന്‍ സാങ്കേതിക ഭീമന്മാരായ മൈക്രോസോഫ്റ്റ് നേരത്തേ സൂചിപ്പിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൈക്രോസോഫ്റ്റുമായുള്ള കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍, ഇന്ത്യയിലെ ബിസിനസ് ബൈറ്റ്ഡാന്‍സ് വിദേശ നിക്ഷേപകര്‍ക്കോ ഇന്ത്യന്‍ ബിസിനസുകാര്‍ക്കോ വില്‍ക്കാന്‍ സാധ്യത കാണുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ ടിക്-ടോക്ക് നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ ഷെയറിംഗ് സേവനമായ മോജ് ഷെയര്‍ചാറ്റ് ആരംഭിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്ലിക്കേഷനായ ഹെലോ, ഷെയര്‍ചാറ്റിന്റെ മുഖ്യ എതിരാളിയാണ്. അതേസമയം, ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ മൈക്രസോഫ്റ്റ് ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ, ഷെയര്‍ചാറ്റും ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. അവസാനമായി ട്വിറ്ററില്‍ നിന്നാണ് ഷെയര്‍ചാറ്റ് 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചത്. ഇത് സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 650 മില്യണ്‍ ഡോളര്‍ ആക്കാന്‍ സഹായിച്ചു.

Related Articles

© 2024 Financial Views. All Rights Reserved