തൊട്ടാല്‍ പറക്കുന്ന സ്പീഡുമായി ജിയോ ഫൈബര്‍; 700 രൂപ മുതല്‍ 10000 രൂപയുടെ വരെ പ്രതിമാസ പ്ലാന്‍; സെക്കന്റില്‍ വണ്‍ ജിബി വരെ നല്‍കുന്ന ജിഗാഫൈബര്‍ സേവനം ആരംഭിക്കുന്നത് സെപ്റ്റംബര്‍ അഞ്ച് മുതല്‍

August 12, 2019 |
|
News

                  തൊട്ടാല്‍ പറക്കുന്ന സ്പീഡുമായി ജിയോ ഫൈബര്‍; 700 രൂപ മുതല്‍ 10000 രൂപയുടെ വരെ പ്രതിമാസ പ്ലാന്‍; സെക്കന്റില്‍ വണ്‍ ജിബി വരെ നല്‍കുന്ന ജിഗാഫൈബര്‍ സേവനം ആരംഭിക്കുന്നത് സെപ്റ്റംബര്‍ അഞ്ച് മുതല്‍

മുംബൈ: അത്യാധുനിക സംവിധാനങ്ങളോടെ രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് റിലയന്‍സ്.  ജിഗാഫൈബര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജിയോയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയലാണ് പുത്തന്‍ നാഴിക കല്ല്. മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച  ബീറ്റാ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 

ആഗോള തലത്തില്‍ ഇപ്പോള്‍ ഈടാക്കുന്ന തുകയുടെ പത്തിലൊന്ന് ചെലവില്‍ സേവനം ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. 100 എംബി പെര്‍ സെക്കന്റുള്ള ബേസിക്ക് പ്ലാന്‍ മുതല്‍ വണ്‍ ജിപി പെര്‍ സെക്കന്റ് വരെയുള്ള പ്ലാനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 700 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്ലാന്‍. ഒരു ജിപി പെര്‍ സെക്കണ്ട് പ്ലാനിന് ഏകദേശം 10,000 രൂപയായിരിക്കും പ്രതിമാസ വാടക. മാത്രമല്ല ഈ പ്ലാനുകള്‍ക്ക് വോയിസ് കോള്‍ സൗജന്യമായിരക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. 

ഇതിനോടകം 1.5 കോടി രജിസ്ട്രേഷനുകളാണ് ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി ലഭിച്ചത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ 50 ലക്ഷം വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍  ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. 

സെക്കണ്ടില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചിലവില്ലാതെ ലാന്റ് ലൈന്‍ സേവനം,  അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാവും. 

ജിയോ ഫൈബര്‍ വഴി ടെലിവിഷന്‍ സേവനങ്ങളും ലഭ്യമാവും. ഹാത്ത് വേ, ഡെന്‍ പോലുള്ള മുന്‍നിര കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങളെ ഏറ്റെടുത്ത റിലയന്‍സ്. ഈ സേവനങ്ങള്‍ക്ക് കീഴിലുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക. 

ഡിടിഎച്ച് സേവനങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളോടെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനാവുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ടെലിവിഷന്‍ സേവനങ്ങള്‍ക്കും മറ്റുമായി വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയുള്ള 4കെ സെറ്റ് ടോപ്പ് ബോക്സും ജിയോ അവതരിപ്പിച്ചു.

Related Articles

© 2024 Financial Views. All Rights Reserved