നീരവ് മോദിക്കുള്ള പാസ്പോര്‍ട്ട് റദ്ദ് ചെയ്തെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിയുന്നു; തട്ടിപ്പ് നടത്തിയത് രണ്ട് മില്യണ്‍ പൗണ്ട് നിക്ഷേപിച്ച് ഇന്‍വെസ്റ്റര്‍ വിഭാഗത്തിലെ ടയര്‍-1 വിസ എടുത്തതിന് ശേഷം

March 15, 2019 |
|
News

                  നീരവ് മോദിക്കുള്ള പാസ്പോര്‍ട്ട് റദ്ദ് ചെയ്തെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിയുന്നു; തട്ടിപ്പ് നടത്തിയത് രണ്ട് മില്യണ്‍ പൗണ്ട് നിക്ഷേപിച്ച് ഇന്‍വെസ്റ്റര്‍ വിഭാഗത്തിലെ ടയര്‍-1 വിസ എടുത്തതിന് ശേഷം

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയോളം തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നിരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ലണ്ടനില്‍ സുഖിക്കാന്‍ നീരവ് നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലണ്ടനില്‍ താമസിക്കുന്നതിനായി ഗോള്‍ഡന്‍ വിസയെന്നറിയപ്പെടുന്ന ടയര്‍-1 ഇന്‍വെസ്റ്റര്‍ വിസ സ്വന്തമാക്കിയാണ് നീരവ് തന്റെ പദ്ധതികള്‍ നടപ്പിലാക്കിയത്.

രണ്ട് മില്യണ്‍ പൗണ്ട് നിക്ഷേപിച്ചാണ് ഡോള്‍ഡന്‍ വിസ നീരവ് സ്വന്തമാക്കിയത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള നിക്ഷേപകരെ ആകര്‍ഷിക്കാനായി ബ്രിട്ടന്‍ നടപ്പിലാക്കിയ വിസയാണിത്. ഇതനുസരിച്ച് വിസയെടുക്കുന്നയാള്‍ രണ്ട് മില്യണ്‍ പൗണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ബോണ്ടുകളിലോ കമ്പനി ഓഹരികളിലോ നിക്ഷേപിക്കണം. നീരവിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ കേട്ടില്ലെന്ന് നടിക്കുന്നതും ഇതുകൊണ്ടുതന്നെ. ഇന്ത്യ പാസ്പോര്‍ട്ട് റദ്ദാക്കിയായും നീരവിന് സുഖജീവിതം ഉറപ്പാക്കേണ്ടത് ഇപ്പോള്‍ ബ്രിട്ടന്റെ ഉത്തരവാദിത്വം കൂടിയാണ്.

ഗോള്‍ഡന്‍ വിസയെടുക്കുന്നയാള്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനും ജോലി ചെയ്യാനും ബിസിനസ് നടത്താനും അനുവാദമുണ്ട്. അയാള്‍ നിക്ഷേപിക്കുന്ന രണ്ട് മില്യണ്‍ പൗണ്ട് അഞ്ചുവര്‍ഷത്തിനുശേഷം പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നതുവരെ നിക്ഷേപമായി തുടരും. ഇക്കാലയളവിനിടെ കൂടുതല്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ പി.ആര്‍ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കുറയും. വിദേശത്തിരുന്നുപോലും ഈ വിസയ്ക്കുവേണ്ടി അപേക്ഷിക്കാനാവുകയും ചെയ്യും.

നീരവ് മോദി ഈ തന്ത്രമുപയോഗിച്ചാണ് ലണ്ടനില്‍ തങ്ങുന്നതും ഡയമണ്ട് ഹോള്‍ഡിങ്സ് എന്ന പേരില്‍ വജ്രവ്യാപാരം നടത്തുന്നതും. മോദി എന്നാണ് ബ്രിട്ടനിലെത്തിയതെന്ന് വ്യക്തമല്ലെങ്കിലും ന്യുയോര്‍ക്കില്‍നിന്ന് ഫെബ്രുവരി അവസാനത്തോടെയാണ് ലണ്ടനിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ഫെബ്രുവരിയിലാണ് നീരവ് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. എന്നാല്‍, അതിന് മുന്നെ സ്വന്തമാക്കിയ ഗോള്‍ഡന്‍ വിസ കൈയിലുള്ള മോദിക്ക്, ഇന്ത്യ പാസ്പോര്‍ട്ട് റദ്ദാക്കിയതില്‍ തെല്ലും ആശങ്കപ്പെടേണ്ടതുമില്ല.

ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി 2018 നവംബര്‍ വരെ യാത്ര ചെയ്തിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. അതിനുശേഷവും യാത്രകളുണ്ടായിട്ടുണ്ട്. ഇതിനിടെ ബെല്‍ജിയത്തിലെത്തിയ നീരവ് അവിടെ രാഷ്ട്രീയാഭയം തേടിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നീരവിന് ബ്രിട്ടന്‍ വിട്ടുപോകാനാവില്ലെങ്കിലും അവിടെ താമസിക്കുന്നതിനും ബിസിനസ് ചെയ്യുന്നതിനും യാതൊരു തടസ്സവുമില്ല.

നീരവ് മോദി അത്യാഡംബര ഫ്ളാറ്റില്‍ താമസിക്കുന്നതായി ഡെയ്ലി ടെലിഗ്രാഫ് പത്രമാണ് അടുത്തിടെ വെളിപ്പെടുത്തിയത്. ഒമ്പതുലക്ഷത്തോളം രൂപ വിലമതിക്കുന്ന കോട്ട് ധരിച്ച നീരവിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ നടത്തിയ പണാപഹരണമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നോ കമന്റ്സ് എന്ന മറുപടിയാണ് നീരവ് ഡെയ്ലി ടെലിഗ്രാഫ് പ്രതിനിധികള്‍ക്ക് നല്‍കിയത്.

 

Related Articles

© 2024 Financial Views. All Rights Reserved