സാമ്പത്തിക മാന്ദ്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് നിര്‍മ്മലയുടെ ഭര്‍ത്താവ്; മന്‍മോഹന്‍ സിംഗിന്റെ ഉപദേശം തേടണമെന്നും നയങ്ങള്‍ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാറിന് ഉപദേശം

October 15, 2019 |
|
News

                  സാമ്പത്തിക മാന്ദ്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് നിര്‍മ്മലയുടെ ഭര്‍ത്താവ്; മന്‍മോഹന്‍ സിംഗിന്റെ ഉപദേശം തേടണമെന്നും നയങ്ങള്‍ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാറിന് ഉപദേശം

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി മുറുകുമ്പോള്‍ കരകയറാനുള്ള വഴികള്‍ തേടുകയാണ് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ വേണ്ട വിധത്തില്‍ ഫലിക്കുന്നില്ലെന്ന വിമര്‍ശനം ഒരു കോണില്‍ ശക്തമാണ്. അതേസമയം സാമ്പത്തിക മാന്ദ്യം ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ വീണ്ടും രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിമര്‍ശനം. ഇതിനിടെ രാഷ്ട്രീയം നോക്കാതെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഈ അഭിപ്രായം മുന്നോട്ടു വെച്ച് രംഗത്തുവന്നത് ധനകാര്യമന്ത്രി നിര്‍മ്മാല സീതാരാമന്റെ ഭര്‍ത്താവ് തന്നെയാണ്.

സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വേണ്ടത്ര ഇച്ഛാശക്തി കാണിക്കുന്നില്ലെന്നാണ് പ്രമുഖ ധനകാര്യ വിദഗ്ധന്‍ കൂടിയായ പി പ്രഭാകര്‍ അഭിപ്രായപ്പെടുന്നത്. നെഹ്റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതിനു പകരം നരസിംഹ റാവു-മന്മോഹന്‍ സിങ് കാലത്തെ സാമ്പത്തിക നയ മാതൃക പിന്തുടരുകയാണ് ബിജെപി ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രഭാകര്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചത്.

സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുമ്പോഴും പൊതുമണ്ഡലത്തില്‍ എത്തുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ രംഗവും അത്യധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്നാണ്. നെഹ്റുവിയന്‍ സാമൂഹ്യക്രമത്തിന്റെ നിഷേധം ജനസംഘം കാലം മുതല്‍ ഉള്ളതാണ്. കാപിറ്റലിസ്റ്റ്, ഫ്രീ മാര്‍ക്കറ്റ് ചട്ടക്കൂടാണ് ഒരുപരിധി വരെ ബിജെപിയുടെ ധനനയം. അതിനിയും പരീക്ഷിച്ചുവിജയിക്കാനിരിക്കുന്നതേയുള്ളൂ. എല്ലാറ്റിലും ഇതല്ല, ഇതല്ല എന്നു പറയുന്നതല്ലാതെ ഏതാണ് നയമെന്നു ബിജെപി വ്യക്തമാക്കിയിട്ടില്ല- പ്രഭാകര്‍ പറയുന്നു.

 പ്രഭാകറിനെ പോലെ സാമ്പത്തിക വളര്‍ച്ച കുറയാന്‍ ഇടയാക്കുന്നത് മോദി സര്‍ക്കാറിന്റെ നയങ്ങളാണെന്ന് വിമര്‍ശിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗര്‍ണര്‍ രഘുറാം രാജനും രംഗത്തെത്തി. സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷാധികാര ഇടപെടലുകളല്ല, ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താന്‍ ആഭ്യന്തരമായ യോജിപ്പും സാമ്പത്തിക വളര്‍ച്ചയുമാണ് സഹായിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷാധികാരം കയ്യാളുന്നതുകൊണ്ട് ദേശീയ സുരക്ഷ ശക്തിപ്പെടുത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല. അത് ദുര്‍ബലമാക്കപ്പെടുകയേയുള്ളൂ. കാരണം അവര്‍ സ്വേഛാധിപത്യ കാഴ്ചപ്പാടുകളിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ അത് ഹിന്ദുത്വത്തിന്റെ അടിച്ചേല്‍പ്പിക്കലാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഒ.പി ജിന്‍ഡാല്‍ പ്രഭാഷണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമഗ്രാധിപത്യ ദേശീയതയെന്നാല്‍ പൗരന്മാരെ വിഭജിച്ച് ഭരിക്കുകയെന്നതാണ്. യഥാര്‍ത്ഥ പൗരന്മാരായി പരിഗണിക്കപ്പെടണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ കടമ്പകളുണ്ടെന്ന് അവരെ അപരവല്‍ക്കരിക്കും. അത് അവരെ പൂര്‍ണമായും അന്യവല്‍ക്കരിക്കുന്നതിലേക്ക് നയിക്കും. എന്നാല്‍ വിഭജന രാഷ്ട്രീയത്തിനും ഭൂരിപക്ഷാധികാര പ്രമത്തതയ്ക്കും ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താന്‍ സാധിക്കില്ല. അതിന് ആഭ്യന്തര യോജിപ്പും സാമ്പത്തിക വളര്‍ച്ചയുമാണ് അനിവാര്യമായിട്ടുള്ളത്.- അദ്ദേഹം വ്യക്തമക്കി.

ഏകാധിപത്യ രീതികളിലൂടെയുള്ള ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കിയേക്കാം. പക്ഷേ ഇന്ത്യയെ അത് ഇരുളിലേക്കാണ് നയിക്കുന്നത്. രാജ്യം അനിശ്ചിതമായ വഴികളിലേക്കാണ് നയിക്കപ്പെടുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം പേര്‍ ഒഴിവാക്കപ്പെടുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനമടക്കമുള്ള നയപരിപാടികളെയും സാമ്പത്തിക പരിഷ്‌കാരങ്ങളെയും ആദ്യം മുതല്‍ക്കേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് രഘുറാം രാജന്‍.

രാജ്യത്തിന്റെ ധനക്കമ്മി മറച്ചുവെക്കുകയാണെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള വര്‍ഷങ്ങളില്‍ അതായത് 2016 ന്റെ ആദ്യ പാദത്തിലെ 9 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ച ഗണ്യമായി കുറഞ്ഞു. ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ പുറത്തുവിട്ട ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) കണക്കുകള്‍ പ്രകാരം ആഗസ്റ്റില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം പ്രതിമാസം 1.1 ശതമാനം ആണ്. സെപ്റ്റംബര്‍ 2 ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം ജൂലൈയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി- അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലൈയില്‍ ഇത് 2.1 ശതമാനമായി കുറഞ്ഞു. ഒക്ടോബര്‍ 10 ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ 2019-20 ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ 6.2 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് ജിഡിപി വളര്‍ച്ചാ പ്രവചനം 6.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറച്ചിട്ടുണ്ട്. 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് 0.2 ശതമാനം കുറഞ്ഞ് 7.2 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദം ജിഡിപി വളര്‍ച്ച 5 ശതമാനത്തില്‍ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. രാജ്യം 'വളര്‍ച്ചയുടെ പുതിയ സ്രോതസ്സുകള്‍' കണ്ടെത്തിയിട്ടില്ലെന്നും 'ലെഗസി പ്രശ്‌നങ്ങള്‍' പരിഹരിക്കപ്പെട്ടിട്ടില്ലെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

അതേസമയം ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) പണലഭ്യത പ്രതിസന്ധിയ്ക്കൊപ്പം ഡിമാന്‍ഡ്, നിക്ഷേപ മാന്ദ്യം എന്നിവയെക്കുറിച്ചും രഘുറാം രാജന്‍ സംസാരിച്ചു. തെറ്റായ രീതിയിലുള്ള നോട്ട് നിരോധനവും മോശമായി നടപ്പിലാക്കിയ ജിഎസ്ടിയും സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചതായും അദ്ദേഹം ആരോപിച്ചു. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുകയാണെന്ന് അടുത്തിടെ നിയമിതനായ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി പറഞ്ഞിരുന്നു, ഇതിന്റെ ഫലങ്ങള്‍ പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അനുഭവപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുകയാണ് എന്നു വ്യക്തമാക്കുന്ന ലോകബാങ്ക് റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2019ല്‍ നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ഇന്ത്യയില്‍ ആഭ്യന്തര ആവശ്യകത 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ലോകബാങ്ക് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.1 ശതമായിരുന്നു. അതേസമയം രാജ്യത്തെ ഉത്പാദന വളര്‍ച്ച 2019ന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 10 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പശ്ചിമേഷ്യയില്‍ ആകമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.9 ശതമാനത്തിലേക്ക് താഴുമെന്നും ലോകബാങ്ക് പറയുന്നു.

ഏപ്രില്‍ 2019ലെ നിഗമനത്തില്‍ നിന്നും 1.1 ശതമാനം താഴെയാണിത്. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് വിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ വിവരങ്ങള്‍.പല പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ചത് സാമ്പത്തിക മേഖലയ്ക്ക് ഗുരുത ആഘാതമേല്പിച്ചിണ്ടെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2008ലും 2012ലും ലോകത്താകമാനസം സംഭവിച്ച സാമ്പത്തിക തളര്‍ച്ചയെയാണ് ഇത് ഓര്‍മപ്പെടുത്തുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് താഴുമെന്നും എന്നാല്‍ 2021ഓടെ ഇത് 6.8 ശതമാനമായി ഉയരുമെന്നും, അതിനടുത്ത വര്‍ഷം വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി മാറുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നുണ്ട്. പാക്കിസ്ഥാനും സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയോടൊപ്പം താഴേക്ക് പോകുകയാണെന്നും ലോകബാങ്ക് പറയുന്നു. നിലവില്‍ പാക്കിസ്ഥാന്റെ ആഭ്യന്തര ഉത്പാദനം വെറും 2.4 ശതമാനം മാത്രമാണ്. ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാനിന്റെയും സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related Articles

© 2024 Financial Views. All Rights Reserved