ഇന്ത്യയുടെ ആരോഗ്യ സുരക്ഷവ്യവസായം 2022 ല്‍ 372 ബില്യണ്‍ ഡോളറിലെത്തും: നീതി ആയോഗ് റിപ്പോര്‍ട്ട്

March 31, 2021 |
|
News

                  ഇന്ത്യയുടെ ആരോഗ്യ സുരക്ഷവ്യവസായം 2022 ല്‍ 372 ബില്യണ്‍ ഡോളറിലെത്തും: നീതി ആയോഗ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആരോഗ്യ സുരക്ഷവ്യവസായം 2022 ല്‍ 372 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നീതി ആയോഗ് റിപ്പോര്‍ട്ട്. 2016 മുതല്‍ 22 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ആരോഗ്യസുരക്ഷാ വ്യവസായ രംഗത്ത് ഉണ്ടായതെന്നും നീതി ആയോഗ് പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ ആരോഗ്യമേഖലയിലെ നിക്ഷേപ അവസരങ്ങള്‍' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍,ആരോഗ്യ ഇന്‍ഷുറന്‍സ്, ടെലിമെഡിസിന്‍, ഭവന ആരോഗ്യസുരക്ഷ തുടങ്ങി ആരോഗ്യ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട്. വരുമാനത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ മേഖലയായി ആരോഗ്യസുരക്ഷ രംഗം മാറിയിരിക്കുകയാണ്.

വൃദ്ധരുടെ ജനസംഖ്യ അനുപാതം, വളരുന്ന മധ്യവര്‍ഗ്ഗം, ഉയരുന്ന ജീവിതശൈലി രോഗങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഉയര്‍ന്നതോതിലുള്ള ആവശ്യകത, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വര്‍ധിച്ച തോതിലുള്ള സ്വകാര്യത തുടങ്ങി നിരവധി ഘടകങ്ങള്‍ ഇന്ത്യയുടെ ആരോഗ്യസുരക്ഷാ മേഖലയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ്-19 മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളികള്‍ മാത്രമല്ല മറിച്ച് വളരുന്നതിനുള്ള നിരവധി അവസരങ്ങളും നല്‍കിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം നിക്ഷേപത്തിനായി സജ്ജമാക്കിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്,അംഗം ഡോ. വി കെ പോള്‍, അഡീഷണല്‍ സെക്രട്ടറി ഡോ. രാജേഷ് സര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

Related Articles

© 2024 Financial Views. All Rights Reserved