Latest News പോപ്പുലര്‍ ഫിനാന്‍സ് കേസ്: സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ നടപടി; സ്വത്തുക്കള്‍ വിറ്റ് പണം തിരികെ നല്‍കും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല; നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കാനാവശ്യം എന്‍എംസി ഹെല്‍ത്ത് കെയറില്‍ നിന്ന് ബി ആര്‍ ഷെട്ടിയുടെ ഭാര്യയും പുറത്ത്; നഷ്ടമാകുന്നത് എന്‍എംസി ഗ്രൂപ്പുമായുള്ള എക്കാലത്തെയും ബന്ധം ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കുമ്പോള്‍ തൊഴില്‍ നഷ്ടമാകുന്നത് 2000 പേര്‍ക്ക് പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വച്ച് മഹീന്ദ്ര; പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

ആമിനെ എന്‍വിഡിയ ഏറ്റെടുക്കുന്നു; ഇടപാട് 40 ബില്യണ്‍ ഡോളറിന്റേത്

September 14, 2020 |
|
News

                  ആമിനെ എന്‍വിഡിയ ഏറ്റെടുക്കുന്നു;  ഇടപാട് 40 ബില്യണ്‍ ഡോളറിന്റേത്

ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് ഡിസൈനര്‍ കമ്പനി, ആമിനെ (Arm) എന്‍വിഡിയ കോര്‍പ്പറേഷന്‍ (Nvidia) ഏറ്റെടുക്കും. ജപ്പാന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പില്‍ നിന്നാണ് ആമിനെ എന്‍വിഡിയ വാങ്ങുക. 40 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. ആഗോള സെമികണ്ടക്ടര്‍ വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ കൊണ്ടുവരികയാണ് നീക്കത്തിലൂടെ എന്‍വിഡിയ ലക്ഷ്യമിടുന്നത്.

നിലവില്‍ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഓഹരിവിപണി മൂല്യമുള്ള ചിപ്പ് കമ്പനിയാണ് എന്‍വിഡിയ. ആഗോള തലത്തില്‍ ആപ്പിള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികള്‍ക്ക് ചിപ്പുകള്‍ എന്‍വിഡിയ വിതരണം ചെയ്യുന്നുണ്ട്. ആമിനെ കൂടി സ്വന്തമാക്കുന്നതോടെ സെമികണക്ടര്‍ വ്യവസായത്തില്‍ കമ്പനി കുത്തക സ്ഥാപിക്കും.

നാലു വര്‍ഷം മുന്‍പാണ് ജപ്പാനീസ് ഭീമന്മാരായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ബ്രിട്ടീഷ് കമ്പനിയായ ആമിനെ സ്വന്തമാക്കിയത്. അന്നത്തെ ഇടപാടില്‍ 32 ബില്യണ്‍ ഡോളര്‍ കമ്പനിക്ക് ചിലവായി. നിലവില്‍ മൂലധനനിക്ഷേപം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ആമിനെ സോഫ്റ്റ് ബാങ്ക് വില്‍ക്കുന്നത്. തിങ്കളാഴ്ച്ച ആമിന്റെ വില്‍പ്പനവിവരം പുറത്തുവന്നതോടെ സോഫ്റ്റ് ബാങ്ക് ഓഹരികള്‍ ടോക്കിയോയില്‍ 10 ശതമാനം ഉണര്‍വ് കൈവരിച്ചു.

ഇരുകമ്പനികളും തമ്മിലെ ധാരണപ്രകാരം 21.5 ബില്യണ്‍ ഡോളര്‍ ഓഹരിയായി എന്‍വിഡിയ സോഫ്റ്റ് ബാങ്കിന് കൈമാറും. ഇടപാടില്‍ നേരിട്ടുള്ള പണമായി 12 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ കമ്പനി നല്‍കുക. കരാര്‍ ഒപ്പിടുമ്പോഴുള്ള 2 ബില്യണ്‍ ഡോളറും ഇതില്‍ ഉള്‍പ്പെടും.

നിലവില്‍ സോഫ്റ്റ് ബാങ്കിന്റെ അനുബന്ധ ഘടകമായ വിഷന്‍ ഫണ്ടിന് ആമില്‍ 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കരാര്‍ പൂര്‍ത്തിയായാല്‍ ആമിന്റെ ഓഹരികള്‍ പൂര്‍ണമായും എന്‍വിഡിയ സ്വന്തമാക്കും. പകരം എന്‍വിഡിയയില്‍ സോഫ്റ്റ് ബാങ്കും വിഷന്‍ ഫണ്ടും കൂടി 6.7 മുതല്‍ 8.1 ശതമാനംവരെ ഓഹരി പങ്കിടും. ആമുമായുള്ള സഹകരണം എന്‍വിഡിയ്ക്ക് അപ്രമാദിത്വം നല്‍കുമെന്ന പ്രതീക്ഷ സിഇഓ ജെന്‍സണ്‍ ഹുവാങ് അറിയിച്ചു കഴിഞ്ഞു. ഡേറ്റ കേന്ദ്രീകരിച്ച നൂതന ചിപ്പുകള്‍ പുറത്തിറക്കുന്നതില്‍ ആമിന്റെ സാന്നിധ്യം ഉത്തേജനം പകരും.

നിലവില്‍ ഇന്റല്‍ കോര്‍പ്പറേഷനാണ് ഈ മേഖലയില്‍ വിപണി കയ്യാളുന്നത്. ഇന്റല്‍ ചിപ്പുകള്‍ക്ക് ബദല്‍മാര്‍ഗ്ഗം കൊണ്ടുവരാന്‍ എന്‍വിഡിയ - ആം കൂട്ടുകെട്ടിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതേസമയം ഇരുകമ്പനികളും തമ്മിലെ ഇടപാടിന് ബ്രിട്ടണ്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ റെഗുലേറ്ററി അനുമതി ലഭിക്കേണ്ടതുണ്ട്. ആമിനെ വാങ്ങാനൊരുങ്ങുന്ന എന്‍വിഡിയയുടെ നടപടിയെ കണിശതയോടെയാകും ചൈന പരിശോധിക്കുക. കാരണം ചൈനയില്‍ ഹുവാവെയ് മുതല്‍ ചെറു സ്റ്റാര്‍ട്ട് അപ്പുകള്‍വരെ ആമിന്റെ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.

നേരത്തെ, ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെലാനോക്സ് ഇന്‍കോര്‍പ്പറേഷനെയും എന്‍വിഡിയ വാങ്ങിയിരുന്നു. ഡേറ്റ കേന്ദ്രങ്ങളിലും സൂപ്പര്‍ കംപ്യൂട്ടറുകളിലും ഉപയോഗിക്കുന്ന അതിവേഗ നെറ്റ്വര്‍ക്കിങ് ടെക്നോളജി വികസിപ്പിക്കുന്ന കമ്പനിയാണ് മെലനോക്സ്. കഴിഞ്ഞ ഏപ്രിലിലാണ് മെലാനോക്സിന്റെ ഏറ്റെടുക്കല്‍ എന്‍വിഡിയ പൂര്‍ത്തിയാക്കിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved